ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ടോ അതോ, മരിച്ചോ? ജീവനോടെയുണ്ടെങ്കിൽ എവിടെ? മരണമടഞ്ഞെങ്കിൽ എന്ന്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകം തലപുകയ്‌ക്കുന്നതിനിടെയാണ് കിമ്മിന്റെ സ്വകാര്യ ആഡംബര ട്രെയിൻ രാജ്യത്തെ റിസോർട്ട് നഗരമായ ഹ്യാംഗ്സാനിൽ എത്തിയത് അമേരിക്കൻ ചാര ഉപഗ്രഹക്കണ്ണുകൾ കണ്ടുപിടിച്ചത്. ട്രെയിൻ കണ്ടെത്തിയതോടെ കിം ഹ്യാംഗ്സാനിൽത്തന്നെ ഉണ്ടെന്ന വിചാരത്തിലാണ് ചിലർ. ട്രെയിൻ കണ്ടതു കൊണ്ട് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് അർത്ഥമില്ലെന്ന് മറുപക്ഷം. അതെന്തായാലും, കിമ്മിന്റെ ഗ്രീൻ ട്രെയിൻ ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്!
കിമ്മിന്റെ ആരോഗ്യവും ദിനചര്യകളും ഭക്ഷണശീലവുമൊക്കെ പരമരഹസ്യം. കിം എപ്പോൾ, എങ്ങനെ, എന്തെല്ലാം ചെയ്യും എന്നു പ്രവചിക്കുക അസാദ്ധ്യം. അദ്ദേഹത്തെ സംബന്ധിക്കുന്ന എന്തു വിവരവും അഭ്യൂഹങ്ങൾക്ക് വഴിവയ്‌ക്കുന്നത് സ്വാഭാവികം. കിമ്മിന്റെ പച്ച ചായമടിച്ച ട്രെയിനിനു പിന്നാലെ ലോകം പായുന്നത് അതുകൊണ്ടു തന്നെ. കിം കുടുംബത്തിനു മാത്രം ഉപയോഗിക്കാൻ അനുവാദമുള്ളതാണ് ഹ്യാംഗ്സാനിലെ ‘ലീഡർഷിപ്പ് സ്റ്റേഷൻ. ഇവിടെയാണ് ഈ മാസം 21, 23 തീയതികളിൽ കിമ്മിന്റെ പച്ച ട്രെയിൻ എത്തിയത്. ഇതിനുള്ള തെളിവായി ഹ്യാംഗ്സാനിലെ സ്റ്റേഷനിൽ ട്രെയിൻ നിറുത്തിയിട്ടിരിക്കുന്നതിന്റെ ഉപഹ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത് 38 നോർത്ത് വെബ്സൈറ്റാണ്. ഏപ്രിൽ 12ന് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കിം ഇവിടത്തെ ഒരു വില്ലയിൽ വിശ്രമ ജീവിതത്തിലാണെന്നാണ് ഈ ട്രെയിൻ തെളിവായി ചൂണ്ടിക്കാട്ടി പലരും സമർത്ഥിക്കുന്നത്. അതായത്, ലോകം പറയുംപോലെ കിം മരിച്ചിട്ടില്ലെന്ന്!
കിമ്മിന്റെ സ്വന്തം
ഗ്രീൻ ട്രെയിൻ
250 മീറ്റർ നീളമുള്ള, പിഴവറ്റ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ അതിനൂതനമായ സൗകര്യങ്ങൾ ഉള്ളവയാണ് കിം ഉപയോഗിക്കുന്ന ട്രെയിൻ. ട്രെയിൻ യാത്രകൾക്കിടെ ഉദ്യോഗസ്ഥരുമായി ഭരണപരമായ ചർച്ചകൾ നടത്താനുള്ള സൗകര്യത്തിനായി കംപ്യൂട്ടറും സാറ്റലൈറ്റ് ഫോണും ടെലിവിഷനും ഉൾപ്പെടെയുള്ളവ ട്രെയിനിലുണ്ട്. ഓരോ യാത്രയ്ക്കു മുൻപും സുരക്ഷ ഉറപ്പാക്കാൻ ഒരു ട്രെയിൻ മുന്നിലും മറ്റൊന്ന് പിന്നിലുമുണ്ടാകും. ബോഗികൾ ബുള്ളറ്റ്പ്രൂഫ് ആയതിനാൽ പതിവിലും ഭാരമേറിയതാണ് ഈ ട്രെയിൻ. വേഗം മണിക്കൂറിൽ 37 മൈൽ മാത്രം!
ആഡംബരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഒരുക്കമുള്ളയാളല്ല കിം. കിമ്മിന് ട്രെയിനിലേക്ക് കയറാനും ഇറങ്ങാനുമുള്ള റാംപ് ചുവപ്പു പരവതാനി വിരിച്ചത്. കിമ്മിന് വിശ്രമിക്കാനും വിനോദപരിപാടികൾ കാണാനും മാത്രമല്ല, അദ്ദേഹത്തിനു മാത്രമായി ഒരു മദ്യശാലയുമുണ്ടത്രെ, ഹരിത ട്രെയിനിൽ.
കിമ്മിന്റെ ട്രെയിൻ
പ്രേമത്തിനു പിന്നിൽ
സെക്കൻഡുകൾക്കു പോലും മതിക്കാനാകാത്ത വിലയുള്ള ലോകനേതാക്കൾ യാത്രയ്‌ക്ക് ആകാശമാർഗം സ്വീകരിക്കുന്ന കാലത്ത്, കിമ്മിന് എന്തിനാണ് ഈ ട്രെയിൻ? അതിനു പിന്നിൽ കിം കുടുംബത്തിന്റെ ഒരു വിചിത്രസ്വഭാവമുണ്ട്. കിമ്മും അദ്ദേഹത്തിന്റെ പൂർവികരുമെല്ലാം യാത്രയ്‌ക്ക് ട്രെയിൻ ആണ് ഉപയോഗിച്ചിരുന്നത്. വിമാനയാത്രയോടുള്ള ഭയമാണത്രെ കാരണം! യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വിയറ്റ്നാമിൽ നടന്ന ചർച്ചയ്ക്കായി കിം യാത്ര ചെയ്തതു പോലും ഈ പച്ച ട്രെയിനിലായിരുന്നു. അതും രണ്ടര ദിവസം നീണ്ട യാത്ര.
കിമ്മിനു ശേഷം
ആര്?
അതിതീവ്ര രഹസ്യസ്വഭാവമുള്ള കിം മരിച്ചെങ്കിൽത്തന്നെ, പിൻഗാമി ആരെന്ന കാര്യം അതിനെക്കാൾ രഹസ്യമായിത്തന്നെ കുറേക്കാലത്തേക്ക് തുടരും. 1948-ൽ രാജ്യം സ്ഥാപിച്ചപ്പോൾ മുതൽ കിം കുടുംബമാണ് രാജ്യം ഭരിക്കുന്നത്. കിം II സംഗ് 1994-ൽ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ കിം ജോംഗ് II അധികാരമേറ്റുയ പതിനേഴു വർഷങ്ങൾക്കു ശേഷം പിതാവ് അന്തരിച്ചപ്പോൾ കിം ജോംങ് നായകസ്ഥാനത്തെത്തി. റി സോൾ ജു ആണ് കിമ്മിന്റെ ഭാര്യ. മൂന്നു കുട്ടികൾ. ഇവർ കൗമാരം കടന്നിട്ടില്ല.