അക്ഷയതൃതീയ ദിനമായിരുന്ന ഇന്നലെ സംസ്ഥാനത്തെ സ്വർണക്കടകളിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യപ്പെട്ടത് വെറും 50 കോടിയുടെ സ്വർണം. കഴിഞ്ഞ വർഷത്തെ വില്പന 640 കോടിയുടേതായിരുന്നു എന്നറിയുമ്പോഴാണ് കൊവിഡിൽ സ്വർണവിപണിക്കു സംഭവിച്ച ക്ഷീണം എത്രയെന്ന് പിടികിട്ടുക.
കൊച്ചി: ലോക്ക് ഡൗൺ കാരണം ജുവലറികൾ തുറക്കാത്തതിനാൽ അക്ഷയ തൃതീയ ദിനത്തിൽ സ്വർണം സ്വന്തമാക്കിയത് വളരെ കുറച്ചുപേർ മാത്രം. ഓൺലൈനിലാണ് ജുവലറികൾ സ്വർണം വാങ്ങാൻ സൗകര്യം ഒരുക്കിയിരുന്നത്. സംസ്ഥാനത്ത് മൊത്തത്തിൽ പത്തു ശതമാനം കച്ചവടമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നടന്നത്. ചില ജുവലറികളിൽ 25 ശതമാനത്തോളം കച്ചവടം നടന്നു.
വില കുത്തനെ ഉയർന്നതും വില്പനയെ ബാധിച്ചു.
പണിക്കൂലിയിൽ 20 ശതമാനത്തിലേറെ ഇളവും കാഷ്ബാക്കും ഉൾപ്പെടെ ജുവലറികൾ ഓഫർ ചെയ്‌തിരുന്നു. പക്ഷേ, ചടങ്ങിനുവേണ്ടി വാങ്ങുന്ന തരത്തിൽ കമ്മൽ, മൂക്കുത്തി, മോതിരം, സ്വർണനാണയം തുടങ്ങിയവയ്ക്കായിരുന്നു ആവശ്യക്കാർ.
വിലയും വലച്ചു
സ്വർണവില കൂടിയതും അക്ഷയതൃതീയയ്ക്ക് മങ്ങലേൽപ്പിച്ചു. പവന് 34,000 രൂപയാണ് ഇന്നലത്തെ വില. ഗ്രാമിന് 4,250. ഈമാസം ഇതുവരെ മാത്രം പവന് 2,400 രൂപയും ഗ്രാമിന് 300 രൂപയുമാണ് കൂടിയത്. കഴിഞ്ഞവർഷം അക്ഷയതൃതീയയ്ക്ക് വില ഗ്രാമിന് 2,945 രൂപയായിരുന്നു. പവന് 23,560 രൂപ.
15 ലക്ഷംപേർ, 2,000 കിലോ
കഴിഞ്ഞവർഷത്തെ അക്ഷയതൃതീയയ്ക്ക് 15 ലക്ഷത്തോളം പേരാണ് സംസ്ഥാനത്തെ സ്വർണക്കടകളിലേക്ക് ഒഴുകിയെത്തിയത്. ഏകദേശം 2,000 കിലോ വിറ്റഴിഞ്ഞു. അന്ന് പണിക്കൂലിയും നികുതിയും ഉൾപ്പെടെ കിലോയ്ക്ക് 32 ലക്ഷം രൂപ കണക്കാക്കിയാൽ മൊത്തം വില്പനമൂല്യം 640 കോടി. ഇക്കുറി കിലോയ്ക്ക് 45 ലക്ഷം രൂപ കണക്കാക്കാം. മുൻവർഷത്തെ അപേക്ഷിച്ച് 50 കോടി രൂപയ്ക്ക് താഴെയാണ് ഇന്നലെ വൈകിട്ട് വരെ നടന്ന കച്ചവടം.
സ്വർണക്കടകൾ തുറക്കാതിരുന്നത് വില്പനയെ ബാധിച്ചു. ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം രജിസ്‌റ്റർ ചെയ്‌ത കടകൾ തുറക്കാമെങ്കിലും സ്വർണക്കടകൾ തുറക്കാൻ അനുമതിയില്ല. ചിലയിടത്ത് തുറന്നെങ്കിലും പൊലീസ് അടപ്പിച്ചു.
അഡ്വ.എസ്. അബ്‌ദുൾ നാസർ,
ട്രഷറർ, എ.കെ.ജി.എസ്.എം.എ