ബീജിംഗ്: കൊവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ആശുപത്രികളിൽ നിന്ന് എല്ലാ കൊവിഡ് രോഗികളെയും ഡിസ്ചാർജ് ചെയ്തെന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു മാസത്തെ പോരാട്ടത്തിന് ശേഷമാണിത്.
നിലവിൽ വുഹാനിലെ ഒരു ആശുപത്രിയിലും രോഗബാധിതരില്ല.
രാജ്യമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരുടെ ശ്രമഫലമായാണ് ഇത് സാധിച്ചതെന്ന് നാഷണൽ ഹെൽത്ത് കമ്മിഷൻ വക്താവായ മി ഫെംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൈനയിലെ മൊത്തം കൊവിഡ് മരണങ്ങളുടെ 84 ശതമാനവും വുഹാനിലായിരുന്നു. 46,452 പേർക്കാണ് വുഹാനിൽ രോഗം ബാധിച്ചത്. 3,869 പേർ മരിച്ചു.
ഭീതിയൊഴിഞ്ഞിട്ടില്ല
ലോക്ക് ഡൗൺ നീക്കിയെങ്കിലും വുഹാൻ ജനത ഇപ്പോഴും രോഗഭീതിയിലാണ്. വൈറസിന്റെ രണ്ടാം വരവ് ഭീഷണിയായി മുന്നിലുള്ളതിനാൽ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങൾ നഗരത്തിൽ തുടരുന്നുണ്ട്. കൊവിഡില്ലെന്ന് സ്ഥിരീകരിക്കുന്ന ഗ്രീൻ ഹെൽത്ത് കാർഡുള്ളവർക്ക് മാത്രമെ പുറത്തിറങ്ങാനാവൂ. മാസ്കും ശരീരം മുഴുവൻ മൂടുന്ന സുരക്ഷാവസ്ത്രങ്ങളും ധരിക്കണം. ബീജിംഗ്, ഷാങ്ഹായ് എന്നീ നഗരങ്ങളിലും റഷ്യൻ - ചൈനീസ് അതിർത്തിയിലും വിദേശത്ത് നിന്നെത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.