tax

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അതിസമ്പന്നരിൽ നിന്ന് അധിക നികുതി ഈടാക്കാൻ ശുപാർശ. ഉയർന്ന വരുമാനക്കാരിൽ നിന്ന് കൊവിഡ് സെസെന്ന പേരിൽ നികുതി ഈടാക്കണമെന്നും ആദായ നികുതി വകുപ്പിലെ അൻപതംഗ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മൂന്നു മുതൽ ആറു മാസംവരെ ഇത്തരത്തിൽ നികുതി ഈടാക്കിയാൽ മൊത്തം 68,000 കോടി രൂപവരെ കണ്ടെത്താമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സസിന് (സി.ബി.ഡി.ടി) സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

'ഫോഴ്സ് 1.0' (സാമ്പത്തിക ഓപ്‌ഷനുകളും കൊവിഡിനുള്ള മറുപടിയും) എന്നാണ് റിപ്പോർട്ടിന്റെ വിശേഷണം. സാധാരണക്കാരെയും ഇടത്തരക്കാരെയും ബാധിക്കാത്ത ശുപാർശകളാണ് നൽകിയിരിക്കുന്നത്.

₹50,000 കോടി ഇങ്ങനെ

 ഒരു കോടി രൂപയ്ക്കുമേൽ പ്രതിവർഷ വരുമാനമുള്ളവരുടെ ആദായ നികുതി 40 ശതമാനമാക്കണം (നിലവിൽ 30 ശതമാനം)

 അഞ്ചുകോടി രൂപയിലധികം വരുമാനമുള്ളവ‌ർക്ക് മേൽ സ്വത്ത് നികുതി പുനഃസ്ഥാപിക്കണം.

₹18,000 കോടി ഇങ്ങനെ

 10 ലക്ഷം രൂപയ്ക്കുമേൽ വരുമാനക്കാരിൽ നിന്ന് നാല് ശതമാനം കൊവിഡ് സെസിലൂടെ 15,000-18,000 കോടി രൂപവരെ. പ്രതിമാസം എൺപതിനായിരത്തിൽ കൂടുതൽ വരുമാനമുള്ളവരെയാണ് ലക്ഷ്യമിടുന്നത്.

മറ്റു ശുപാർശകൾ

 വിദേശ കമ്പനികൾ ഇന്ത്യയിൽ നേടുന്ന 10 കോടി രൂപവരെയുള്ള വരുമാനത്തിന് നിലവിലുള്ള രണ്ടു ശതമാനം സർചാർജ് ഉയർത്തണം.

 10 കോടി രൂപയ്ക്കുമേൽ വരുമാനത്തിന് അഞ്ചു ശതമാനം സർചാർജ് ഏർപ്പെടുത്തണം.

 എൽ.പി.ജി സബ്സിഡി വേണ്ടെന്നുവയ്‌ക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ച മാതൃകയിൽ, നികുതി ഇളവുകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന 'ഗിവ് ഇറ്റ് അപ്പ്" പ്രചാരണം ആരംഭിക്കണം