ഒരോവറിലെ ആറു പന്തുകളും സിക്സടിക്കുക എന്ന അപൂർവനേട്ടം ഇന്ത്യൻ ബാറ്റ്സ്‌മാൻ യുവ്‌രാജ് സിംഗ് സ്വന്തമാക്കിയത് 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരായ മത്സരത്തിലാണ്. പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെയാണ് യുവി അന്ന് ഗാലറിയിലേക്ക് പറപ്പിച്ചുകളഞ്ഞത്.അന്ന് 14 പന്തുകളിൽ നിന്ന് യുവി 58 റൺസ് നേടിയപ്പോൾ ഇന്ത്യ വിജയം കണ്ടത് 18 റൺസിനാണ്. ലോക്ക്ഡൗൺ കാലത്ത് ആ ആറാട്ടിന്റെ ഒാർമ്മകളിലൂടെ യുവി സഞ്ചരിച്ചപ്പോൾ...
ഫ്ളിന്റോഫിന്റെ പ്രകോപനം
ഇംഗ്ളണ്ട് താരം ആൻഡ്രൂ ഫ്ളിന്റോഫിന്റെ പ്രകോപനപരമായ വാക്കുകളാണ് തന്നെ ദേഷ്യം പിടിപ്പിച്ചതെന്ന് യുവി പറയുന്നു. സ്ളെഡ്‌ജിംഗ് ഫ്ളിന്റോഫിന്റെ ശീലമായിരുന്നു. അന്നും പതിവുപോലെ എന്തോ പറഞ്ഞു. ഞാനതിന് മറുപടിയും കൊടുത്തു. പിന്നാലെയാണ് സ്റ്റുവർട്ട് എറിയാനെത്തിയത്. ആ ദേഷ്യം തീർക്കാനായി ആഞ്ഞുവീശുകയായിരുന്നു.
മധുരപ്രതികാരം
ആ സിക്സുകൾക്ക് ഒരു പ്രതികാരത്തിന്റെ മാധുര്യം കൂടിയുണ്ടായിരുന്നുവെന്ന് യുവി പറയുന്നു. ലോകകപ്പിന് മുമ്പ് നടന്ന ഇംഗ്ളണ്ടിനെതിരായ ഏകദിനപരമ്പരയിൽ ഡിമിത്രി മസ്‌കരിനാസ് യുവിയെ ഒരോവറിൽ അഞ്ച് സിക്സുകൾക്ക് പറത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ളണ്ടിനെതിരെ ആറ് സിക്സുകൾ തുടർച്ചയായി നേടാനായതിൽ സന്തോഷം ഇരട്ടിയായിരുന്നു.ആറാമത്തെ സിക്സും അടിച്ചുകഴിഞ്ഞ് ആദ്യം നോക്കിയത് ഫ്ളിന്റോഫിനെയായിരുന്നു. പിന്നെ നോക്കിയത് ഡിമിത്രിയെയും. കാര്യം മനസിലായതുപോലെ ഡിമിത്രി പ്രതികരണം ഒരു ചെറു ചിരിയിലൊതുക്കി.
ക്രിസ് ബോർഡ് പറഞ്ഞത്
മത്സരത്തിന്റെ പിറ്റേന്ന് അന്താരാഷ്ട്ര മാച്ച് റഫറിയും സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവുമായ ക്രിസ് ബോർഡ് യുവിയെ കാണാനെത്തിയിരുന്നു. " എന്റെ മകന്റെ കരിയർ നീ ഏറെക്കുറെ തകർത്തുകളഞ്ഞു. എതായാലും നീ ആട്ടോഗ്രാഫ് ചെയ്ത ഒരു ജഴ്സി അവനുവേണ്ടി തന്നേക്കൂ..." എന്നാണ് അദ്ദേഹം പറഞ്ഞത്.
സ്റ്റുവർട്ടിനുള്ള സന്ദേശം
തന്റെ ഇന്ത്യൻ ജഴ്സിയിൽ ഒപ്പിട്ടു നൽകിയ യുവി സ്റ്റുവർട്ടിന് കൊടുക്കാൻ ഒരു സന്ദേശവും ക്രിസിന് കൈമാറി.
" എന്നെ ഒരോവറിൽ അഞ്ച് സിക്സുകളടിച്ചിട്ടുണ്ട്.അതുകൊണ്ട് അതിന്റെ വേദന നന്നായി മനസിലാക്കാനാകും.നിങ്ങൾക്കും ഇംഗ്ളണ്ട് ടീമിനും ഭാവിയിൽ നല്ലതുവരട്ടെഎന്നായിരുന്നു" യുവിയുടെ സന്ദേശം.
ഇന്ത്യൻ ബൗളറായിരുന്നെങ്കിൽ
അന്ന് ആ നാണക്കേട് ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും സ്റ്റുവർട്ട് ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബൗളറായി മാറിയെന്ന് യുവി പറയുന്നു. എന്നാൽ ഏതെങ്കിലും ഇന്ത്യൻ ബൗളർക്കായിരുന്നു ആ സ്ഥിതിയെങ്കിൽ പിന്നെ ടീമിൽ ഉണ്ടാകുമായിരുന്നോ എന്ന് അറിയില്ലെന്നും യുവി പറഞ്ഞു.