നിർമ്മാണം പൂർത്തിയായി; ലോക്ക് ഡൗൺ കഴിഞ്ഞാൽ കമ്മിഷനിംഗ്
കൊച്ചി: ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ വികസനത്തിന് കുതിപ്പേകാൻ കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ക്രൂസ് ടെർമിനൽ സജ്ജമായി. നിശ്‌ചയിച്ച സമയത്തിനകം, നിശ്‌ചയിച്ച ചെലവിലാണ് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് കൊച്ചി തുറമുഖ ട്രസ്‌റ്ര് ചെയർപേഴ്‌സൺ ഡോ.എം. ബീന 'കേരളകൗമുദി"യോട് പറഞ്ഞു. 25.72 കോടി രൂപയാണ് നിർമ്മാണച്ചെലവ്.
കഴിഞ്ഞമാസം കമ്മിഷനിംഗ് നടത്താനായിരുന്നു ആലോചന. ലോക്ക്ഡൗണിന് ശേഷം കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കമ്മിഷനിംഗ് നടത്തുമെന്ന് ഡോ. ബീന പറഞ്ഞു. എറണാകുളം വെല്ലിംഗ്‌ടൺ ഐലൻഡിൽ എറണാകുളം വാർഫിന് സമീപം 12,500 ചതുരശ്ര അടിയിലാണ് പുതിയ ടെർമിനലുള്ളത്. ഒരേസമയം 5,000 പേരെ കൈകാര്യം ചെയ്യാനാകും.
നിലവിലെ ടെർമിനലിൽ 250 മീറ്റർ വരെ നീളമുള്ള ആഡംബര (ക്രൂസ്) കപ്പലുകൾക്കാണ് അടുക്കാനാവുക. പുതിയ ടെർമിനലിൽ 420 മീറ്റർ നീളമുള്ള കപ്പലുകൾ വരെ അടുക്കും. വിശാലമായ പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമ്മിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്‌റ്രംസ് ക്ളിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്റി കൗണ്ടറുകൾ, വൈ-ഫൈ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് തുടങ്ങിയ സൗകര്യങ്ങൾ പുതിയ ടെർമിനലിന്റെ സവിശേഷതകളാണ്.
ക്രൂസ് സഞ്ചാരികളുടെ കസ്‌റ്രംസ് ക്ളിയറൻസ് ഉൾപ്പെടെയുള്ള നടപടികൾ ഒരു കുടക്കീഴിൽ അതിവേഗം പൂർത്തിയാനാക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. ഇത്, സഞ്ചാരികൾക്ക് കൂടുതൽ സമയലാഭം നൽകും. നിലവിലെ ടെർമിനലിന് പ്രതിവർഷം 50ഓളം കപ്പലുകളെയാണ് കൈകാര്യം ചെയ്യാനാവുക. പുതിയ ടെർമിനലിൽ 60ലേറെ കപ്പലുകളെ സ്വീകരിക്കാം. ഓരോ ക്രൂസ് കപ്പലും എത്തുമ്പോൾ ഫീസിനത്തിൽ പത്തുലക്ഷത്തിലേറെ രൂപയാണ് തുറമുഖ ട്രസ്‌റ്രിന് കിട്ടുന്നത്.
ടൂറിസത്തിന് കുതിപ്പാകും
കൊവിഡ് ഭീതി ലോകത്തെ ഉലച്ചെങ്കിലും സ്ഥിതി സാധാരണ നിലയിലാകുന്ന മുറയ്ക്ക് വിനോദ സഞ്ചാരവും മെല്ലെ ഉണർവിലെത്തുമെന്നാണ് പ്രതീക്ഷകൾ. ആഡംബര കപ്പലിലേറി എത്തുന്ന ഓരോ വിദേശ വിനോദ സഞ്ചാരിയും കൊച്ചി നഗരം, ലുലുമാൾ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ, കുമരകം, മൂന്നാർ, തേക്കടി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചാണ് മടങ്ങാറ്. ഷോപ്പിംഗിനായി ഒരാൾ ശരാശരി 400 ഡോളറും (ഏകദേശം 30,000 രൂപ) ചെലവിടുന്നു.
കൊച്ചിയെ പുണർന്ന
സഞ്ചാരികൾ
2017-18
44ഓളം കപ്പലുകൾ; 47,000 സഞ്ചാരികൾ
2018-19
49 കപ്പലുകൾ; 62,753 സഞ്ചാരികൾ
2019-20
ഫെബ്രുവരി ആദ്യവാരം വരെ 36 കപ്പലുകൾ
40,000ഓളം സഞ്ചാരികൾ
കൊവിഡ് ഭീതിമൂലം പിന്നീട് പ്രതീക്ഷിച്ചത്ര കപ്പലുകൾ എത്തിയില്ല