co

@കുഞ്ഞു കൊറോണയ്‌ക്ക് ടോം ഹാങ്ക്സിന്റെ സമ്മാനമായി കൊറോണ ടൈപ്പ് റൈറ്ററും

കാൻബെറ: 'പ്രിയ സുഹൃത്ത് കൊറോണയ്‌ക്ക്, നീ അയച്ച കത്ത് വായിച്ച് ഞാനും ഭാര്യയും അത്ഭുതപ്പെട്ടുപോയി. ഇത്ര നല്ലൊരു സുഹൃത്തിനെ ലഭിച്ചതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. യഥാർത്ഥ സുഹൃത്തുക്കൾ നമ്മുടെ വീഴ്ചയിൽ താങ്ങാകുന്നവരാണ്.'

- പ്രശസ്ത അമേരിക്കൻ നടനും നിർമ്മാതാവുമായ ടോം ഹാങ്ക്സ് കൊറോണയ്ക്ക് അയച്ച കത്തിലെ ആദ്യ വരികളാണിത്. ആസ്ട്രേലിയയിൽ വച്ച് കൊവിഡ് -19 ബാധിച്ച ഹാങ്ക്സും ഭാര്യ റിത വിൽസണും രോഗമുക്തി നേടി അമേരിക്കയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുമ്പോഴാണ് സുഖവിവരം അന്വേഷിച്ച് കൊറോണയുടെ കത്ത് എത്തുന്നത്. ആസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സ്വദേശിയായ എട്ടുവയസുകാരനാണ് 'കൊറോണ ഡി വ്രീസ്." സ്‌കൂളിൽ വച്ചാണ് പ്രിയ നടന് കൊവിഡ് ബാധിച്ച വിവരം കുഞ്ഞു കൊറോണ അറിഞ്ഞത്. അപ്പോൾ തന്നെ കത്തെഴുതി. രോഗ വിവരം അന്വേഷിച്ച് തനിക്ക് ലഭിച്ച ആദ്യത്തെ കത്താണിതെന്ന് ടോം ഹാങ്ക്സ് പറഞ്ഞു. കത്തിൽ ചെറിയൊരു വിഷമവും കുഞ്ഞുകൊറോണ പങ്കു വച്ചിരുന്നു. 'കൊറോണ വൈറസ്' എന്ന് വിളിച്ച് സഹപാഠികൾ പരിഹസിക്കുന്നു. വല്ലാത്ത മാനസിക വിഷമത്തിലാണെന്നും കുറിച്ചു. മറുപടിയായി ഹാങ്ക്സ് ഇങ്ങനെ എഴുതി. 'കൊറോണ എന്ന പേരുള്ള എനിക്കറിയാവുന്ന ഏക വ്യക്തി നീയാണ്. സൂര്യന് ചുറ്റുമുള്ള വലയം പോലെ ഒരു കിരീടം പോലെ. തളർന്നിരിക്കുമ്പോൾ ഊർജം പകരുന്നവനാണ് നല്ല സുഹൃത്ത്. നിനക്ക് ഞാനെന്നും നല്ല സുഹൃത്തായിരിക്കും.'- കത്തിനൊപ്പം തന്റെ വളരെ പഴക്കമുള്ള 'കൊറോണ' ബ്രാൻഡ് ടൈപ്പ് റൈറ്ററും ഹാങ്ക്സ് കുഞ്ഞു കൊറോണയ്ക്ക് സമ്മാനിച്ചു. ഈ ടൈപ്പ്റൈറ്ററിൽ വേണം തനിക്ക് മറുപടി എഴുതാനെന്നും ഹാങ്ക്സ് പറഞ്ഞിട്ടുണ്ട്.കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട 'ടോയ് സ്റ്റോറി ' അനിമേഷൻ ചലച്ചിത്ര പരമ്പരയിലെ പ്രധാന കഥാപാത്രമായ വൂഡി ഷെരീഫിന് ശബ്ദം നൽകിയത് ടോം ഹാങ്ക്സ് ആണ്. ടോയ് സ്റ്റോറി സിനിമയുടെ തീം സോങ്ങായ 'യൂ ഗോട്ട് എ ഫ്രണ്ട് ഇൻ മി...' എന്ന് സ്വന്തം കൈയക്ഷരത്തിൽ എഴുതിയാണ് കൊറോണയ്‌ക്കുള്ള ടൈപ്പ് ചെയ്‌ത കത്ത് ടോം ഹാങ്ക്സ് അവസാനിപ്പിക്കുന്നത്.

ടോം ഹങ്ക്സിന്റെ മറുപടി കുഞ്ഞു കൊറോണയെ ഏറെ സന്തോഷിപ്പിച്ചെന്നും യു.എസിൽ പുതിയ സുഹൃത്തിനെ ലഭിച്ചതിന്റെ ആവേശത്തിലാണെന്നും കൊറോണയുടെ മാതാപിതാക്കൾ ഓസ്ട്രേലിയൻ മാദ്ധ്യമത്തോട് പറഞ്ഞു .

കൊറോണ ടൈപ്പ് റൈറ്റർ

സ്‌മിത്ത് സഹോദരന്മാർ എന്ന് അറിയപ്പെട്ടിരുന്ന നാല് പേ‌‍ർ 1886ൽ ന്യൂയോർക്കിൽ സ്ഥാപിച്ച സ്മിത്ത് കൊറോണ കമ്പനിയാണ് കൊറോണ ടൈപ്പ് റൈറ്ററിന്റെ നിർമ്മാതാക്കൾ. പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ വരവോടെ എൺപതുകളിൽ ടൈപ്പ് റൈറ്റർ ബിസിനസ് തകർന്നു.