2002ന്റെ തുടക്കകാലം. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ നിർദേശ പ്രകാരം സംഘടനാ സെക്രട്ടറിയായിരുന്ന നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തി അഞ്ച് മാസം പിന്നിട്ട കാലം. ഇതേ സമയത്ത് തന്നെയാണ് രണ്ടായിരത്തോളം ജനങ്ങളുടെ മരണത്തിനും വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമായ ഗുജറാത്ത് കലാപം രാജ്യത്തെ പിടിച്ചുകുലുക്കിയത്. ലൈവ് ടെലിവിഷനിലൂടെ ഇന്ത്യയിലെ ജനങ്ങൾ മാത്രമല്ല, ലോകമാകമാനമുളളവരും രാജ്യത്തെ മുൾമുനയിൽ നിർത്തിയ കലാപത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി.
രാജ്യം ഭരിക്കുന്ന എൻ.ഡി.എ സർക്കാരിന് ഹിംസയുടെ ഈ പൊട്ടിപ്പുറപ്പെടൽ സൃഷ്ടിച്ചതോ അനിശ്ചിതത്വത്തിന്റെ നാളുകളും. ദേശീയ പാർട്ടി രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. മോദിയാണ് കലാപത്തിന് കാരണക്കാരൻ എന്ന് ആരോപിച്ചുകൊണ്ട് പാർട്ടിയിലെ ഉൽപതിഷ്‌ണുക്കൾ ഗുജറാത്ത് മുഖ്യമന്ത്രിയെ നിശിതമായി എതിർത്തു.
ബി.ജെ.പിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ഹിന്ദുക്കളും പാർട്ടിയുടെ സഖ്യകക്ഷികളും ഹിന്ദുത്വ ആശയങ്ങളുടെ ഭയപ്പെടുത്തുന്ന ഈ പുതിയ മുഖം കണ്ട് പാർട്ടിയിൽ നിന്നും അകലുമെന്ന് അവർ ശങ്കിച്ചു. എന്നാൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച വിശ്വാസികളായ ബി.ജെ.പിയിലെ തീവ്ര വിഭാഗം മോദിയോടൊപ്പമാണ് നിലകൊണ്ടത്.
പ്രധാനമായും മോദിക്കെതിരെ പാർട്ടിയിൽ ശബ്ദമുയർത്തിയത് വാജ്‌പേയ് മന്ത്രിസഭയിലെ അംഗവും മോദിയുടെ പ്രവർത്തന മണ്ഡലമായിരുന്ന ഹിമാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ശാന്തകുമാർ ആയിരുന്നു. ഗുജറാത്തിലെ സംഭവവികാസങ്ങളെ ചൊല്ലി തനിക്ക് അങ്ങേയറ്റം വേദനയും വെറുപ്പുമാണ് തോന്നുന്നതെന്ന് പറഞ്ഞുകൊണ്ട് കലാപത്തിന് പിന്നിൽ പ്രവർത്തിച്ച വിശ്വ ഹിന്ദു പരിഷത്തിനെതിരെയും ബജ്‌രംഗ് ദളിനെതിരെയും കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'മൃതദേഹങ്ങളെ വച്ച് വോട്ടുകൾ എണ്ണുന്നവർ ഹിന്ദുക്കളല്ല. ഗുജറാത്തിൽ ചോര വീഴ്ത്തികൊണ്ട് ഹിന്ദുത്വം ശക്തിപ്പെടുത്താം എന്ന് കരുതുന്നവർ ഹിന്ദുക്കളുടെ ശത്രുവാണ്.' അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. എന്നാൽ സംഘ്പരിവാറിന്റെ നേതൃവിഭാഗവും ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര അടിത്തറയുമായി വർത്തിച്ച ആർ.എസ്.എസിന് കേന്ദ്ര മന്ത്രിയുടെ ഈ പ്രസ്താവന ഒട്ടും രുചിച്ചില്ലെന്ന് മാത്രമല്ല, സംഘടനാ പ്രചാരക് കൂടിയായിരുന്ന ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ ആർ.എസ്.എസ് ഉടനടി നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. പിന്നീട് ശാന്തകുമാർ തന്റെ പ്രസ്താവനയിൽ മാപ്പ് പറയുകയും മോദിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയുമാണ് ഉണ്ടായത്.
മോദിയെ സംരക്ഷിക്കുന്നതിനായി ആർ.എസ്.എസ് നടത്തിയ നീക്കങ്ങളായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചത്. മോദിയെ ഏത് വിധേനയും പിന്തുണയ്ക്കണമെന്നും വാജ്‌പേയ് സർക്കാർ താഴെ വീണാൽ പോലും അതിൽ നിന്നും പിന്നോട്ട് പോകരുതെന്നുമാണ് മുൻ ബി.ജെ.പി അദ്ധ്യക്ഷനും കരുത്തനായ ആർ.എസ്.എസ് നേതാവുമായിരുന്ന കുശഭാവോ താക്കറെ പാർട്ടി നേതാക്കൾക്ക് നിർദേശം നൽകിയത്. അന്നത്തെ ഇന്ത്യൻ ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ അദ്വാനിയും മോദിയോടൊപ്പം ശക്തമായി നിലകൊണ്ടത് മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ തുനിഞ്ഞ വാജ്‌പേയിക്ക് മറ്റൊരു തിരിച്ചടിയായി. എന്നാൽ മോദി വിരുദ്ധ വിഭാഗത്തിന്റെ ആശങ്കകളെല്ലാം ആസ്ഥാനത്തായിരുന്നു.
ഗുജറാത്ത് കലാപം മൂലം ജനതാദൾ, ഡി.എം.കെ, ടി.ഡി.പി തൃണമൂൽ കോൺഗ്രസ് എന്നീ ബി.ജെ.പിയുടെ സഖ്യകക്ഷികളാരും സർക്കാരിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. അതോടെ ഗുജറാത്ത് കലാപ വിഷയത്തിൽ നരേന്ദ്ര മോദിയുടെ രാജി ആഗ്രഹിച്ചിരുന്ന വാജ്‌പേയ് പാർട്ടിയിൽ നിന്നുമുള്ള സമ്മർദ്ദം മൂലം മോദിക്കും ആർ.എസ്.എസിനും കീഴ്പ്പെടാൻ നിർബന്ധിതനാകുകയായിരുന്നു.
മോദി അനുകൂല പക്ഷത്തിനായി ഒടുവിൽ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്താൻ പോലും പുരോഗമനാശയങ്ങളിൽ വിശ്വസിച്ചിരുന്ന വാജ്‌പേയ് തയാറായി എന്നതും ചരിത്രം. അന്ന് മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയെ ഭയന്നുകൊണ്ടാണ് പ്രധാനമന്ത്രി വാജ്‌പേയ് രാജ്യം ഭരിച്ചിരുന്നത്.
2002 ഡിസംബറിൽ നിയസഭാ തിരഞ്ഞെടുപ്പിന് വേണ്ടി പ്രചാരണം നടത്തണമെന്നുള്ള മോദിയുടെ ഒഴുക്കൻ മട്ടിലുള്ള നിർദേശം സ്വീകരിച്ച് അരുൺ ജെയിറ്റ്ലി, ഉമാ ഭാരതി എന്നിവരോടൊപ്പം വാജ്‌പേയ് ഗുജറാത്തിലേക്കു പുറപ്പെട്ടു. വിമാനത്തിൽ വച്ച് അദ്ദേഹം പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞ ഒന്ന് ഒരു ബി.ജെ.പി അംഗം ഇപ്പോഴും ഓർക്കുന്നു. ഇങ്ങനെയായിരുന്നു ആ വാചകങ്ങൾ.
'സാധാരണ രാജ്യത്തെ പ്രധാനമന്ത്രി ഒരു സംസ്ഥാനത്തേക്ക് വരുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കേണ്ടത് അവിടത്തെ മുഖ്യമന്ത്രിയാണ്. മോദി എന്നെ സ്വീകരിക്കാൻ വരുന്ന കാര്യം പോട്ടെ. അയാൾ തിരഞ്ഞെടുപ്പ് റാലിയിൽ വച്ച് എന്താവും പറയുക എന്നോർത്ത് എന്റെ നെഞ്ച് പടപടാ ഇടിക്കുകയാണ്.' എല്ലാവരും ചിരിച്ചെങ്കിലും വാജ്‌പേയിയുടെ മുഖത്ത് ഗൗരവമായിരുന്നു കൂടെയുള്ളവർ കണ്ടത്.
തുടർന്ന് വന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മോദി വിജയക്കൊടി പാറിച്ചപ്പോൾ ദേശീയ തലത്തിൽ ബി.ജെ.പി പരാജയപ്പെടുന്നത് രാജ്യം കണ്ടു. പാർട്ടിയിൽ വാജ്പേയിക്കുള്ള പിന്തുണ കുറയുന്നതിനും മോദിക്കുള്ള സ്വാധീനം വർദ്ധിക്കുന്നതിനും ഇത് മറ്റൊരു കാരണമായി മാറി. പിന്നീട് പാർട്ടിയിലെ എതിരില്ലാത്ത നേതാവായുള്ള നരേന്ദ്ര മോദിയുടെ വളർച്ചയ്ക്കും പ്രധാനമന്ത്രിയായുള്ള സ്ഥാനാരോഹണത്തിനും വളമായി മാറിയത് സ്വന്തം പാർട്ടിയുടെ പ്രധാനമന്ത്രിയെ തന്നെ തനിക്ക് വിധേയനാക്കികൊണ്ടുള്ള മോദിയുടെ ചാണക്യ നീക്കങ്ങളായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
കടപ്പാട്: 'ദ എംപറർ അൺക്രൗൺഡ് - ദ റൈസ് ഒഫ് മോദി', വിനോദ് കെ. ജോസ്, ദ കാരവാൻ മാഗസിൻ.