ഹരിപ്പാട്: കഴിഞ്ഞ നവംബറിലാണ് ശ്രീജിത്തിന്റെയും അഞ്ജനയുടെയും കല്യാണത്തീയതി നിശ്ചയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.15നും 12.45നും മദ്ധ്യേ ആയിരുന്നു മുഹൂർത്തം. പക്ഷേ, കൊവിഡ് മാരിയാൽ അഞ്ജന ജോലിസ്ഥലമായ ഉത്തർപ്രദേശിലും ശ്രീജിത്ത് നാട്ടിലുമായിപ്പോയി. എങ്കിലും മുഹൂർത്തം മാറ്റിയെഴുതേണ്ടെന്ന് ഇരു വീട്ടുകാരും തീരുമാനിച്ചു. അഞ്ജനയുടെ ബന്ധുവീട്ടിൽ ഇന്നലെ ഒരുക്കിയ വിവാഹവേദിയിലെ ഒരു മൊബൈൽ ഫോണിലേക്ക് വീഡിയോ കാളിലൂടെ എത്തിയ അഞ്ജനയ്ക്ക് ശ്രീജിത്ത് താലിചാർത്തി. ഉത്തർപ്രദേശിലെ വീട്ടിലൊരുക്കിയ പന്തലിൽ കല്യാണസാരിയുടുത്ത് നിലവിളക്കിനു മുന്നിലിരുന്ന് ദൃശ്യങ്ങൾ കണ്ട് അഞ്ജന സ്വയം താലിമാല അണിഞ്ഞു. കല്യാണം ശുഭം.
ലക്നൗവിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലെ ജീവനക്കാരനായ പള്ളിപ്പാട് കൊടുന്താറ്റ് പങ്കജാക്ഷൻ ആചാരിയുടെയും ഉത്തർപ്രദേശ് പവർ ഗ്രിഡിലെ ജീവനക്കാരി ശ്രീകാന്തയുടെയും മകളായ അഞ്ജന സോഫ്ട് വെയർ എൻജിനിയറാണ്. ചങ്ങനാശേരി പുഴവാത് കാർത്തികയിൽ നടേശൻ ആചാരിയുടെയും കനകമ്മയുടെയും മകനായ ശ്രീജിത്ത് കുമ്പനാട് ഇസാഫ് ബാങ്ക് ജീവനക്കാരനും.
പള്ളിപ്പാട് മണക്കാട്ട് ദേവീക്ഷേത്രത്തിനു സമീപം വധുവിന്റെ ബന്ധുവീട്ടിലാണ് കല്യാണച്ചടങ്ങ് ഒരുക്കിയത്. ഇവിടെ സാക്ഷികളായി അടുത്ത ബന്ധുക്കളായ 15 പേർ. അഞ്ജനയുടെ പിതാവ് പിടിച്ച മൊബൈലിലൂടെയാണ് അഞ്ജനയെ കണ്ട് ശ്രീജിത്ത് സാങ്കല്പികമായി താലിചാർത്തിയത്. മൊബൈലിൽ തെളിഞ്ഞ അഞ്ജനയുടെ ചിത്രത്തിൽ ശ്രീജിത്ത് സിന്ദൂരവും ചാർത്തി. പിന്നീട് ശാഖാ രജിസ്റ്ററിൽ ശ്രീജിത്ത് ഒപ്പുവച്ചു. ചെറിയ തോതിൽ സദ്യയും ഒരുക്കിയിരുന്നു. രണ്ടരയോടെ മാതാപിതാക്കളും ശ്രീജിത്തും ചങ്ങനാശേരിയിലെ വീട്ടിലേക്കു മടങ്ങി.
അഞ്ജനയുടെ അമ്മയും അവിടെ
കൊവിഡ് വ്യാപിച്ചതോടെ അഞ്ജന, മാതാവ് ശ്രീകാന്ത, സഹോദരൻ വിനയശങ്കർ എന്നിവർ ഉത്തർപ്രദേശിൽ കുടുങ്ങുകയായിരുന്നു. വിവാഹ ഒരുക്കങ്ങൾക്കായി നേരത്തേ നാട്ടിലെത്തിയ പിതാവ് പങ്കജാക്ഷൻ ആചാരി ഇവിടെയുമായി. രാവിലെ 11 മണിയോടെ മാതാപിതാക്കൾക്കും സഹോദരനും ബന്ധുക്കൾക്കുമൊപ്പം എത്തിയ ശ്രീജിത്തിനെ വധുവിന്റെ ബന്ധുക്കൾ സ്വീകരിച്ചു. ലോക്ക് ഡൗണിനുശേഷം നാട്ടിലെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുചേർത്ത് വിവാഹ സൽക്കാരം നടത്താനാണ് തീരുമാനം.