religious-leader

ന്യൂഡൽഹി: തബ്‌ലീഗ് ജമാത്ത് തലവനായ മൗലാനാ സഅദ് കാന്ധൽവിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. കാന്ധൽവിയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പരിശോധന നടത്തണമെന്ന് ഇദ്ദേഹത്തിനോട് ഡൽഹി പൊലീസ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അദ്ദേഹം ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുമെന്നും വിവരമുണ്ട്.

താൻ കൊവിഡ് പരിശോധന നടത്തിയതായും ഫലം വരാനായി കാത്തിരിക്കുയാണെന്നും കഴിഞ്ഞ ദിവസം കാന്ധൽവി മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. മാർച്ച് രണ്ടാംവാരമായിരുന്നു തബ്‌ലീഗ് ജമാത്ത് മർക്കസിൽ ആയിരങ്ങൾ പങ്കെടുത്ത മതസമ്മേളനം നടന്നത് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി വിശ്വാസികൾക്ക് കൊവിഡ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.

തബ്‌ലീഗ് സമ്മേളനം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാൻ കാരണമായെന്ന് കേന്ദ്ര സർക്കാർ പ്രസ്താവന നടത്തിയിരുന്നു. സംഭവത്തിൽ മർക്കസിലെ മതാദ്ധ്യപകർക്കെതിരെയും മൗലവിമാർക്കെതിരെയും പൊലീസ് കേസുകൾ ചാർജ് ചെയ്യുകയും ചെയ്തിരുന്നു.