kk-shailaja

തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂർവരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. സംസ്ഥാനത്തെ വിവിധ വൈറോളജി ലാബുകളിൽ നിന്നുള്ള കൊവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവായാൽ സാമ്പിളുകൾ അയച്ച ആശുപത്രികൾക്കും പോസിറ്റീവായാൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കുമാണ് അയയ്ക്കുന്നത്.

പോസിറ്റീവായ കേസുകൾ സൂക്ഷ്മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സർവയലൻസ് ഓഫീസർക്ക് അയച്ച് കൊടുക്കുന്നു. ജില്ലാ സർവയലൻസ് ഓഫീസർ അതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നു. സമാന്തരമായി കോണ്ടാക്‌ട് ട്രെയിസിംഗും നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളിലും ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്. അതേസമയം ഈ കണക്കുകൾ കൂടി പിറ്റേദിവസത്തെ പത്രസമ്മേളത്തിൽ കൂട്ടിച്ചേർത്ത് പറയുകയാണ് ചെയ്യുക. അതായത് മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി അതത് ജില്ലകളിൽ അപ്പപ്പോൾ വിവരമറിയിക്കുന്നെങ്കിലും ആകെ എണ്ണത്തിൽ കൂട്ടിച്ചേർത്ത് പറയുന്നത് തൊട്ടടുത്ത ദിവസമാണ്. ഇതാണ് ചിലർ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.