ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നത് ലോക്ക്ഡൗണിന് ശേഷമെന്ന് കേന്ദ്രസർക്കാർ.. പ്രത്യേക വിമാനങ്ങള്‍ വഴിയോ സാധാരണ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാലോ ആകും പ്രവാസികളെ തിരിച്ചെത്തിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി. എന്നാല്‍ ടിക്കറ്റ് പണം സ്വന്തമായി മുടക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപനത്തിനു പിന്നാലെ വിവിധ വിദേശ രാജ്യങ്ങളിലായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകണമെന്നു മാര്‍ച്ച് 24 മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, എയര്‍ ഇന്ത്യ, സംസ്ഥാന സര്‍ക്കാരുകള്‍, വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍ എന്നിവര്‍ ചേര്‍ന്നാണ് വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്. അതേസമയം മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്..