modi

ന്യൂഡൽഹി: തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോൺഫറൻസിൽ രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് വിവരം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്താകമാനം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടുന്ന വിഷയം ചർച്ചയാകുന്ന വീഡിയോ കോൺഫറൻസിൽ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തും വടക്ക് കിഴക്ക് ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന ഒൻപത് സംസ്ഥാനങ്ങ;ളെങ്കിലും പങ്കെടുക്കുമെന്ന് ദേശീയ മാദ്ധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 14ന് ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ചയിലേർപ്പെടുന്നത്. നാളെ രാവിലെ 10 മണിക്കാണ് വീഡിയോ കോൺഫറൻസ് ആരംഭിക്കുക. ബീഹാർ, ഒഡിഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മേഘാലയ, മിസോറം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുമുള്ള മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിയുമായി ചർച്ചയിൽ പങ്കുചേരുക.

സംസ്ഥാങ്ങൾക്ക് സാമ്പത്തിക പാക്കേജ് നൽകണമെന്ന് സംസ്ഥാനങ്ങൾ ചർച്ചയിൽ അഭ്യർത്ഥന നടത്തുമെന്നും വിവരമുണ്ട്. ഇതിനായി രാജ്യത്തെ ഫിസ്കൽ റെസ്പോൺസിബിളിറ്റി ആൻഡ് ബഡ്ജറ്റ് മാനേജ്‍മെന്റ് നിയമത്തിൽ മാറ്റം വരുത്താനും സംസ്ഥാനങ്ങൾ അഭ്യർത്ഥന നടത്തും. വലുതെന്നോ ചെറുതെന്നോ ഉള്ള വ്യത്യാസമില്ലാതെ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും പ്രധാനമന്ത്രി സംസാരിക്കാൻ അവസരം നൽകും എന്നാണ് അറിയുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ സംസ്ഥാനങ്ങൾ അഭ്യർത്ഥനകൾ എഴുതി നൽകേണ്ടതില്ലെന്നും വിവരമുണ്ട്.