mohan-bhagavat

നാഗ്പൂർ: കൊവിഡ് മഹാമാരി അവസാനിക്കുന്നത് വരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. ഓൺലൈനിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിസന്ധി ബാധിച്ച എല്ലാവരേയും വിവേചനമില്ലാതെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

' ലോക്ക്ഡൗൺ കാലയളവിലും ആർ.എസ്.എസ് സജീവമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രൂപമാണ് ഇപ്പോൾ സംഘടനയ്ക്ക്. മഹാമാരിയെക്കുറിച്ച് അവബോധം സൃഷ്ടിക്കണം. സഹായം നൽകുന്നത് പ്രീതിക്ക് വേണ്ടിയല്ല. അത് നമ്മുടെ ജോലിയാണ്.'- ഭാഗവത് പറഞ്ഞു. തബ്‌ലീഗ് ജമാഅത്തിനെതിരെ വ്യാപക പ്രതിഷേധവും വിദ്വേഷ പ്രചാരണവും നടക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

'ഒരു അബദ്ധത്തിന്റെ പേരിൽ ഒരു മതവിഭാഗത്തെ മുഴുവൻ കുറ്റപ്പെടുത്തരുത്. ചില ആളുകൾ ഇത് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നു. നാം ക്ഷമയും ശാന്തതയും കാണിക്കണം. ഭയമോ കോപമോ ഉണ്ടാകരുത് എല്ലാ മാർഗനിർദ്ദേശങ്ങളും പാലിക്കുക."- ഭാഗവത് പ്രവർത്തകരോടായി പറഞ്ഞു.