bsf

ദിസ്പുർ: കൊവിഡ് രോഗത്തിന് ചികിത്സ തേടി പുഴ നീന്തിക്കടന്ന് ഇന്ത്യയിലേക്കെത്തി ബംഗ്ലാദേശി യുവാവ്. അസമിലെ അതിർത്തി പ്രദേശത്തുള്ള കുഷിയാര നദി നീന്തിക്കടന്ന് അബ്ദുൾ ഹക്കീം എന്ന് പേരുള്ള 30കാരനായ യുവാവ് എത്തിയത്. ഇന്ന്(ഞായറാഴ്ച) രാവിലെ ഏഴരയോടെ ഇയാൾ സംസ്ഥാനത്തെ കരിംഗഞ്ച് ജില്ലയിലുള്ള ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ വന്നെത്തുകയായിരുന്നു. ഹക്കീമിനെ കണ്ട നാട്ടുകാർ ഉടൻ തന്നെ ബി.എസ്.എഫ് സേനാംഗങ്ങളെ വിവരമറിയിക്കുകയും തുടർന്ന് ഇവർ ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തു.

ബംഗ്ലാദേശിലെ സുനംഗഞ്ച് സ്വദേശിയാണ് താനെന്നും തനിക്ക് കൊവിഡ് രോഗമുണ്ടെന്നും രോഗത്തിന് ചികിത്സ തേടിയാണ് താൻ നദി നീന്തിക്കടന്നതെന്നുമായിരുന്നു ഇയാൾ ബി.എസ്.എഫുകാരോട് പറഞ്ഞത്. ഇയാൾക്ക് കടുത്ത പനിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി ബി.എസ്.എഫ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇയാൾക്ക് കൊവിഡ് തന്നെയാണോ ഉള്ളതെന്ന കാര്യം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബി.എസ്.എഫുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് അധികൃതർ ബോട്ടിലെത്തി ഇയാളെ തിരികെ കൊണ്ടു പോയി. യുവാവ് കൊവിഡ് ബാധിതനാണെന്ന് പറഞ്ഞതിനാൽ ഈ മേഖലയിലെ ജനങ്ങൾ ഭീതിയിലാണെന്നും ഇതേതുടർന്ന് മേഖലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ജെസി നായക് പറഞ്ഞു.