mohan-bhagawat

ന്യൂഡൽഹി: ചിലർ മാത്രം തെറ്റ് ചെയ്യുന്നതിന് മുഴുവൻ സമുദായത്തെയും കുറ്റം പറയാൻ പാടില്ലെന്ന് അഭിപ്രായപ്പെട്ട് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. ഈ അവസരത്തിൽ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് നാം നിലകൊള്ളേണ്ടതെന്നും 'രാജ്യത്ത് വിള്ളലുണ്ടാക്കാൻ' വേണ്ടി ഈ അവസരം ദുർവിനിയോഗം ചെയ്യുന്നവരെ സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു. ഇത്തരം ആൾക്കാർ സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

എന്ത് സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് അറിവായിട്ടില്ലെങ്കിലും ഡൽഹിയിലെ നിസാമുദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴുള്ള ഈ പ്രസ്താവന എന്നാണു ലഭിക്കുന്ന വിവരം. ഭയം കൊണ്ടോ ക്രോധം കൊണ്ടോ ഏതാനും ചിലർ ചെയ്യുന്ന തെറ്റുകൾക്ക് ആ സമുദായത്തിലെ എല്ലാർക്കുമേലും കുറ്റമാരോപിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന നിർദേശം എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള അവസരമാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നതെന്നും പല മറ്റ് രാജ്യങ്ങളെ ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് നിരവധി പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് മുസ്ലിം സമുദായത്തെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി വ്യാപകമായി വ്യാസന്ദേശങ്ങളും മറ്റും അടുത്തിടെ പ്രചരിച്ചിരുന്നു.