ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളില്‍ കൊവിഡ് ദേശീയ ശരാശരിയേക്കാള്‍ അതിവേഗം പടരുകയാണെന്ന് ഡല്‍ഹി ഐ.ഐ.ടിയുടെ പഠനത്തില്‍ കണ്ടെത്തി. ഗുജറാത്ത് ആണ് മുന്നിൽ. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ 28 ജില്ലകളിലാണ് ദേശീയ ശരാശരിയേക്കാള്‍ പോസിറ്റീവ് നിരക്ക്. കേരളവും തമിഴ്നാടും ഹരിയാനയും കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് കാണിക്കുന്നത്.
അതിനിടെ, രോഗം സുഖപ്പെടുന്ന നിരക്ക് രാജ്യത്ത് 22 ശതമാനമായി ഉയര്‍ന്നു. 10 ദിവസം മുൻപ് 12 ശതമാനമായിരുന്നു. രോഗവ്യാപനത്തിനെതിരായ നടപടി ശരിയായ ദിശയിലാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണ നിരക്ക് 3.1 ശതമാനമാണ്. ഭൂരിഭാഗം രാജ്യങ്ങളുടേതില്‍നിന്നും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയെന്നും മന്ത്രാലയം പറഞ്ഞു.