രക്തത്തിലെ പഞ്ചസാര നില കുറയുന്നത് ഗൗരവമായി കാണേണ്ടതില്ലെന്നും അളവ് കുറഞ്ഞാലുടൻ മധുരം കഴിച്ചാൽ മതിയെന്നുമാണ് പ്രമേഹരോഗികളിൽ പലരുടെയും ധാരണ. യാഥാർത്ഥ്യം ഇതല്ല. ഹൃദ്രോഗ സാദ്ധ്യതയുള്ള പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് അപകടകരമാണ്. രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന ഈ അവസ്ഥ ഗുരുതരമാകാതിരിക്കാൻ പ്രമേഹരോഗികളും ഹൃദ്രോഗികളും രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയാതെ നോക്കണം. പഞ്ചസാര നില കുറയാനുള്ള സാഹചര്യം മുൻകൂട്ടിക്കണ്ട് ഭക്ഷണം കഴിക്കുക. ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്ന് ക്രമീകരിക്കുകയും വേണം. സ്വന്തമായി ഗ്ലൂക്കോമീറ്റർ സൂക്ഷിക്കുകയും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില കൃത്യമായി മനസിലാക്കുകയും വേണം. ഇങ്ങനെയായാൽ വ്യതിയാനങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടാം. രക്തത്തിലെ ഗ്ലൂക്കോസ് നില താഴുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാതെ തന്നെ ചില രോഗികൾ പെട്ടെന്ന് അബോധാവസ്ഥയിലാകാറുണ്ട്. ഇതിന് കാരണം മറ്റ് ചില മരുന്നുകളുടെ ഉപയോഗവും പ്രമേഹത്തിന്റെ പഴക്കവും ആകാം. പ്രമേഹരോഗികളുടെ വൃക്ക പരാജയത്തിന്റെ ആദ്യ ലക്ഷണവും അമിതമായി രക്തത്തിലെ ഗ്ലൂക്കോസ് നില താഴുന്നതാവാം.