സോൾ: ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് നേതാവ് കിം ജോംഗ് ഉൻ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയ. രഹസ്യസ്വഭാവം സൂക്ഷിക്കുന്ന കിമ്മിന്റെ ആരോഗ്യസ്ഥിതിയിൽ ഏറെ ആശങ്കാകുലരാണ് ലോകം. ഇതിനിടെയിലാണ് അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ നിന്നും കിം ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെന്നും സർക്കാർ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണെന്നും സൗത്ത് കൊറിയൻ മന്ത്രി കിം യെൻ ചുൾ പറഞ്ഞു.
"കിം ജോംഗ് ഉൻ ജീവനോടെയുണ്ട്. ഏപ്രിൽ 13 മുതൽ അദ്ദേഹം വോൺസാൻ പ്രദേശത്ത് താമസിക്കുന്നു. സംശയാസ്പദമായ സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല".-അവർ പറഞ്ഞു.
ഉത്തരകൊറിയയുടെ സുപ്രധാന വാര്‍ഷികത്തില്‍ കിം പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്രചരിച്ച അഭ്യൂഹങ്ങളെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവും തള്ളി. ഞങ്ങളുടെ സര്‍ക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും കിം ജീവനോടെയുണ്ടെന്നും മൂണ്‍ ചെംഗ് ഇന്‍ ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ശനിയാഴ്ച മരിച്ചുവെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയതായി യു.കെയിലെ ഡെയ്‌ലി എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍ പറയുന്നത് 36കാരനായ കിം ഉന്‍ മരിച്ചെന്നാണെന്ന് ഹോങ്കോംഗ് മാദ്ധ്യമവും റിപ്പോർട്ടു ചെയ്തിരുന്നു.
കിം സഞ്ചരിക്കാറുള്ള പ്രത്യേക തീവണ്ടി ഈ ആഴ്ച രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോണ്‍സാനില്‍ കണ്ടുവെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഉത്തരകൊറിയ നിരീക്ഷണ കേന്ദ്രമായ '38 നോര്‍ത്ത്' പറയുന്നു. അവലോകനം ചെയ്ത ഉപഗ്രഹചിത്രങ്ങളിലൂടെയാണ് തീവണ്ടിയുടെ സാന്നിദ്ധ്യം ഇവര്‍ കണ്ടെത്തിയത്. കിമ്മിന്റെ പ്രത്യേക തീവണ്ടി ഇവിടെ കണ്ടത് വീണ്ടും ഊഹാപോഹങ്ങൾക്കിടയാക്കിയിട്ടുണ്ട്.