ലോകമെങ്ങും പടർന്നുപിടിച്ച മഹാമാരി കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.സംസ്ഥാനത്തും,രാജ്യത്തും എന്തിന് ലോകമൊട്ടാകെയും സമാനമായ സ്ഥിതിവിശേഷമാണ്.മനുഷ്യരുടെ ഒത്തുചേരൽപോലും വിലക്കപ്പെട്ട, ഇങ്ങനെയാരുകാലം ആരും മനസ്സിൽപ്പോലും വിഭാവന ചെയ്തിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.
മധ്യവേനലവധിക്കാലമായതിനാൽ ലോക്ക്ഡൗൺ മൂലം സ്കൂൾ അദ്ധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് ആശ്വസിക്കുമ്പോഴും, എസ്.എസ്.എൽ.സി,പ്ളസ് വൺ,പ്ളസ് ടു,വി.എച്ച്.എസ്. പരീക്ഷകൾ പൂർത്തീകരിക്കാനായിട്ടില്ലെന്ന വസ്തുത ബാക്കിനിൽക്കുന്നു.സാമ്പ്രദായിക സംവിധാനത്തിൽ നിന്ന് എടുത്തുചാടിയുള്ള മാറ്റം പ്രായോഗികമല്ലാത്തതിനാൽ പതിവ് രീതിയിൽത്തന്നെ ലോക്ക് ഡൗണിനുശേഷം ആ പരീക്ഷകൾ പൂർത്തിയാക്കേണ്ടിയിരിക്കുന്നു.അതേസമയം കൊവിഡ് വ്യാപനം നൽകുന്ന പാഠം ഡിജിറ്റൽ പ്ളാറ്റ്ഫോമിലേക്ക് പഠനവും പരീക്ഷാരീതിയുമൊക്കെ ഭാവിയിൽ മാറ്റേണ്ടിയിരിക്കുന്നുവെന്ന് ഗൗരവമായി ചിന്തിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കേണ്ടതാണ്.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഒന്നാം ക്ളാസ്സ് മുതൽക്കുള്ള പാഠപുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.അഭിനന്ദനാർഹമായ നടപടിയാണതെങ്കിലും വീട്ടിൽ സ്മാർട്ട് ഫോണോ ,അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയോടുകൂടിയ കമ്പ്യൂട്ടറോ ഇല്ലാത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം അത് അപ്രാപ്യമായിത്തുടരും.സ്കൂളിൽ വരുമ്പോൾ മാത്രമാണ് അവരിൽ വലിയൊരു പങ്കും കമ്പ്യൂട്ടർ കാണുന്നത്. മൊബൈൽ ഫോൺ ഇല്ലാത്ത വീടുകളില്ലെന്ന സ്ഥിതിവിവരക്കണക്കൊക്കെ ഉയർത്തിക്കാട്ടിയാലും നമ്മുടെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ അധികവും പാവപ്പെട്ട വീടുകളിൽ നിന്നും വരുന്നവരും ഈ സംവിധാനങ്ങൾ ഇല്ലാത്തവരുമാണ്.അവർ അയൽപക്കത്തെ സഹപാഠികളെ ഇക്കാര്യത്തിന് ആശ്രയിക്കുകയെന്നത് എത്രമാത്രം പ്രായോഗികമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണപരമായ വിദ്യാഭ്യാസം പ്രാവർത്തികമാക്കുന്നതിൽ വലിയ പുരോഗതി കൈവരിക്കാനായി എന്ന യാഥാർത്ഥ്യം വിസ്മരിക്കുന്നില്ല. കഴിഞ്ഞ നാലുവർഷക്കാലത്തിനിടയിൽ പൊതു വിദ്യാലയങ്ങളിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നാലു ലക്ഷത്തോളം വർദ്ധനയുണ്ടായി എന്നത് ഇതിന് തെളിവുതന്നെയാണ്.എട്ടാം ക്ളാസുമുതൽ പത്തുവരെയുള്ള 45000 ക്ളാസ് മുറികൾ ഹൈടെക്കാക്കി മാറ്റുകയും ചെയ്തിരുന്നു.റേഷൻകട മുതൽ ആശുപത്രി വരെ ജീവിതത്തിന്റെ ദൈനംദിനകാര്യങ്ങളിൽ കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ
" ഇ -സാക്ഷരത " അനിവാര്യമായിരിക്കുന്നുവെന്നതാണ് സത്യം.
സംസ്ഥാനത്ത് സർക്കാർ വിദ്യാലയങ്ങളിലും എയിഡഡ് മേഖലയിലും അൺ എയിഡഡ് മേഖലയിലുമായി മൊത്തം 45 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളാണുള്ളത്.ഇവരിൽ ഒന്നുമുതൽ 10 വരെ പഠിക്കുന്നവരിൽ 21,50,785 വിദ്യാർത്ഥികൾ എ.പി.എൽ വിഭാഗത്തിലാണെങ്കിലും 15,66,112 വിദ്യാർത്ഥികൾ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരാണ്. ബി.പി.എൽ വിഭാഗത്തിൽ പെടുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സ്മാർട്ട് ഫോണോ,ടാബ് ലറ്റ് പി.സിയൊ ,ലാപ് ടോപ്പോ വാങ്ങുകയെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.ഈ വിഷയത്തിൽ ഫലപ്രദമായ ഒരു നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ എട്ടാം ക്ളാസ് വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബുകൾ നൽകുന്നതിനുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും അത് നടപ്പിലാകാതെ പോയി.എട്ടാം ക്ളാസുമുതൽ നൽകിയാൽ ഹൈസ്കൂൾ തലം മുഴുവൻ വിദ്യാർത്ഥികൾക്ക് അത് പ്രയോജനപ്പെടുമെന്ന ലക്ഷ്യത്തോടെ കൈക്കൊണ്ട ആ തീരുമാനം ചുവപ്പുനാടയിൽ കുരുങ്ങി അസ്തമിക്കുകയായിരുന്നു..
നിലവിലുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സർക്കാർ -എയിഡഡ് സ്കൂളുകളിൽ ഒട്ടാകെ 1,19,054 ലാപ്ടോപ്പുകളുണുള്ളത്.എന്നാൽ വിദ്യാർത്ഥികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഇത് തുലോം കുറവാണെന്ന് മനസിലാകും.സർക്കാർ ഏജൻസിയായ കൈറ്റ് ഈ അവധിക്കാലത്ത് വിദ്യാർത്ഥികളുടെ കലാഭിരുചിയും സാഹിത്യവാസനയും പ്രോത്സാഹിപ്പിക്കാൻ സജ്ജമാക്കിയ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തിയത് അര ലക്ഷത്തിൽ താഴെ വിദ്യാർത്ഥികളായിരുന്നു.ഇത്തരം അഭിരുചിയുള്ളവർ മാത്രമാണ് പങ്കെടുത്തതെന്ന് വാദിക്കാമെങ്കിൽപ്പോലും സാങ്കേതിക സംവിധാനത്തിന്റെ അപര്യാപ്തത ഇതിൽ പ്രകടമാണ്.
സ്കൂളുകളിൽ അദ്ധ്യാപകരെ കമ്പ്യൂട്ടർ പരിശീലിപ്പിക്കുകയും അതിലൂടെ വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുകയുമെന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നുവരുന്നത്.ഹൈസ്കൂൾ ക്ളാസുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ കമ്പ്യൂട്ടർ ലാബും പരിശീലനവുമൊക്കെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാൻ ഇനിയും സാധ്യമായിട്ടില്ല.മാത്രമല്ല പത്താം ക്ളാസുവരെ കമ്പ്യൂട്ടർ അദ്ധ്യാപകരുടെ തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. സ്കൂൾ പി.ടി.എയും മറ്റും നൽകുന്ന ഓണറേറിയം സ്വീകരിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പരിശീലകർ മാത്രമാണ് പത്താം ക്ളാസുവരെയുള്ള അദ്ധ്യാപകരെ പല സ്കൂളുകളിലും പരിശീലിപ്പിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ലാപ് ടോപ്പുകളൊ,ടാബുകളൊ സൗജന്യമായി നൽകുകയെന്നത് എളുപ്പമുള്ള കാര്യമല്ല.എന്നാൽ പഠനാവശ്യത്തിനു പ്രയോജനകരമാകുന്ന ഉള്ളടക്കത്തോടുകൂടിയ ഈ സംവിധാനങ്ങൾ സർക്കാർ ഏജൻസിയുടെയൊ മറ്റോ സഹായത്തോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കേണ്ടിയിരിക്കുന്നു.പണമുള്ളവർ പൈസകൊടുത്തു വാങ്ങട്ടെ, പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്നതിനുള്ള പദ്ധതി സർക്കാർ തയ്യാറാക്കുകതന്നെ വേണം. ഏത് തലം മുതൽ നൽകണമെന്നൊക്കെ സർക്കാരിന് തീരുമാനിക്കാം.
പ്രാരംഭത്തിൽ സാമ്പ്രദായിക രീതിക്കൊപ്പം ഓൺ ലൈൻ സംവിധാനവും സമ്മിശ്രമായി ആവിഷ്ക്കരിക്കുകയാണ് വേണ്ടത്.ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുമ്പോൾ വിദ്യാർത്ഥികൾ സജ്ജരാവുകയെന്നതാണ് പ്രധാനം.അതുപോലെ ഇത്തരം സാങ്കേതിക സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്താത്ത വിധത്തിൽ വേണം ഉള്ളടക്കം ആവിഷ്ക്കരിക്കാൻ.ലോകത്ത് മൊത്തം തൊഴിലവസരങ്ങളിൽ 68 ശതമാനം സേവന മേഖലയിലേക്ക് മാറിക്കൊണ്ടിരിക്കെ ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ നമ്മുടെ കുട്ടികൾ പിന്നിലായിപ്പോകാൻ പാടില്ല.
........................................................................................................................................................................................................................................
മൊബൈൽ ഫോൺ ഇല്ലാത്ത വീടുകളില്ലെന്ന സ്ഥിതിവിവരക്കണക്കൊക്കെ ഉയർത്തിക്കാട്ടിയാലും നമ്മുടെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ അധികവും പാവപ്പെട്ട വീടുകളിൽ നിന്നും വരുന്നവരും ഈ സംവിധാനങ്ങൾ ഇല്ലാത്തവരുമാണ്