കേപ്ടൗൺ: യൂറോപ്യൻ രാജ്യങ്ങൾക്കും അമേരിക്കയ്ക്കും പിന്നാലെ കൊവിഡിന്റെ അടുത്ത കേന്ദ്രം ആഫ്രിക്കൻ രാജ്യങ്ങളാണെന്ന് മുന്നറിയിപ്പ്. ലെസോത്തോ, കൊമോറസ് എന്നിവിടങ്ങളിൽ ഒഴിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിലായി ഇതുവരെ 30,000ത്തോളം കൊവിഡ് രോഗികളുണ്ട്.
1374 പേർ മരിച്ചു. 10 ദിവസത്തിനുള്ളിൽ മാത്രം 40 ശതമാനത്തോളം കേസുകൾ വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഇത് ആശങ്കയുളവാക്കുന്നു.
ആഫ്രിക്കയിൽ ഒരുകോടിയിലധികം പേർക്ക് കൊവിഡ് ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. മുൻകരുതലുകൾ ശക്തിപ്പെടുത്തിയാൽ ഇത് തടയാനാകും. വികസിത രാജ്യങ്ങൾ പോലും കൊവിഡിനെ പ്രതിരോധിക്കാനാവാതെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ അവികസിത ആഫ്രിക്കൻ രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണിത്. പുറമേ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും മികച്ച ആരോഗ്യ സംവിധാനങ്ങളുടെ അഭാവവും സ്ഥിതി ഗുരുതരമാക്കുന്നു.
മുന്നിൽ ദക്ഷിണാഫ്രിക്ക
ഏറ്റവുമധികം കൊവിഡ് രോഗികൾ ദക്ഷിണാഫ്രിക്കയിലാണ്- 4564. ആകെ മരണം 87. ഏറ്റവും കൂടുതൽ മരണം അൾജീരിയയിലാണ്. 425.
രാജ്യങ്ങൾ - രോഗികൾ - മരണം
ദക്ഷിണാഫ്രിക്ക - 4545 - 87
ഈജിപ്ത് - 4534 - 317
മൊറോക്കോ - 4115 - 161
അൽജീരിയ - 3382 - 425
കാമറൂൺ - 1621 - 56
വൈറസ് വ്യാപനം കുറഞ്ഞ് തുടങ്ങിയതോടെ ഇറ്റലി, ആസ്ട്രേലിയ, ഇറാൻ, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകും. ഇറ്റലിയിൽ മേയ് നാല് മുതൽ ഇളവുകൾ. ഇറാനിൽ കൊവിഡ് മുക്തമായ പ്രദേശങ്ങളിൽ പള്ളികൾ തുറക്കും.
ആകെ മരണം 55000 കടന്നിട്ടും, സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി അമേരിക്ക. കൊളറാഡോ, മിസിസിപ്പി, ടെന്നിസി, മൊണ്ടാന, മിനേസോട്ട എന്നീ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ്. അതേസമയം, രോഗികൾ പത്ത് ലക്ഷമായി.
ക്യൂബയുടെ 200 അംഗ മെഡിക്കൽ സംഘം ദക്ഷിണാഫ്രിക്കയിലെത്തി.
ബംഗ്ലാദേശിൽ വസ്ത്ര നിർമ്മാണ ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കും.
സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ജപ്പാനിൽ പ്രവേശന വിലക്ക്.
പാകിസ്ഥാൻ വിമാന സർവീസ് റദ്ദാക്കൽ മേയ് 15 വരെ നീട്ടി.