ഇക്കാര്യം ജി.എസ്.ടി കൗൺസിൽ പരിഗണിച്ചേക്കും
കൊച്ചി: കൊവിഡിനെ തുരത്താനുള്ള ലോക്ക്ഡൗണിൽ കനത്ത സാമ്പത്തിക ആഘാതമേറ്റ മേഖലകളെ ജി.എസ്.ടി അടയ്ക്കുന്നതിൽ നിന്ന് ആറുമാസത്തേക്ക് ഒഴിവാക്കുന്നത് ജി.എസ്.ടി കൗൺസിൽ പരിഗണിച്ചേക്കും. റെസ്‌റ്രോറന്റുകൾ, വ്യോമയാനം, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ മേഖലകൾക്കാണ് ആനുകൂല്യം ലഭിച്ചേക്കുക. റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ജി.എസ്.ടി നിലവിലെ 12 ശതമാനത്തിൽ നിന്ന് കുറയ്ക്കാനും നീക്കമുണ്ട്.
ഇൻവോയിസ് വിലയിരുത്തിയാണ് നിലവിൽ ജി.എസ്.ടി ബാദ്ധ്യത കണക്കാക്കുന്നത്. ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ ഉത്‌പന്നങ്ങളുടെ/സേവനങ്ങളുടെ പണം ലഭിക്കാത്ത നികുതിദായകർക്ക് ജി.എസ്.ടി അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇതൊഴിവാക്കാനായി, ഇൻവോയിസിന് പകരം കാഷ് പേമെന്റ് അധിഷ്‌ഠിതമായി ജി.എസ്.ടി ബാദ്ധ്യത നിശ്‌ചയിക്കാനാണ് ആലോചന.
അതായത്, ഇൻവോയിസ് പ്രകാരമുള്ള പണം കിട്ടുന്നമുറയ്ക്ക് മാത്രം ജി.എസ്.ടി അടച്ചാൽ മതി. ഇത് നികുതിദായകർക്ക് വലിയ ആശ്വാസമാകും. ഉദാഹരണത്തിന്, ഒരു വ്യാപാരി മാർച്ചിലെ ഇൻവോയിസ് തയ്യാറാക്കിയെന്ന് കരുതുക. മാർച്ചിലെ പേമെന്റ് ഉപഭോക്താവിൽ നിന്ന് ലഭിച്ചശേഷം മാത്രം അദ്ദേഹം ജി.എസ്.ടി അടച്ചാൽ മതിയാകും.
നികുതി ബാദ്ധ്യത കുറയുന്നത്, റിയൽ എസ്‌റ്രേറ്ര് പ്രോജക്‌ടുകളുടെ ഡിമാൻഡ് ഉയർത്തുമെന്ന പ്രതീക്ഷയുമുണ്ട്. ജി.എസ്.ടിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് ഇപ്പോൾ പല മേഖലകളുടെയും ആവശ്യം. എന്നാൽ, ഇത് ഭാവിയിൽ കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തിയാണ്, ആറുമാസത്തേക്ക് ബാദ്ധ്യത ഒഴിവാക്കാൻ ആലോചിക്കുന്നത്. പേമെന്റ് കുടിശികയുള്ള സേവന മേഖലയ്ക്കും പ്രത്യേക ആനുകൂല്യം ലഭിച്ചേക്കും. കുടിശിക, കിട്ടാക്കടമായി പരിഗണിച്ച് ജി.എസ്.ടി ഒഴിവാക്കാനാണ് ആലോചന.
പ്രതീക്ഷിക്കാവുന്ന
ആശ്വാസ നടപടികൾ
1. റെസ്‌റ്റോറ്റന്റുകൾ, വ്യോമയാനം, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ മേഖലകളെ ആറുമാസത്തേക്ക് ജി.എസ്.ടി ബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കും
2. റിയൽ എസ്‌റ്റേറ്ര് മേഖലയുടെ ജി.എസ്.ടി നിലവിലെ 12 ശതമാനത്തിൽ നിന്ന് കുറയ്ക്കും
3. ഇൻവോയിസിന് പകരം, കാഷ് പേമെന്റ് അടിസ്ഥാനമാക്കി ജി.എസ്.ടി ബാദ്ധ്യത നിശ്‌ചയിക്കും. ഇത്, നികുതിദായകർക്ക് വലിയ ആശ്വാസമാകും
4. സേവന മേഖലയിലെ പേമെന്റ് കുടിശിക കിട്ടാക്കടമായി പരിഗണിച്ച്, ജി.എസ്.ടി ബാദ്ധ്യത ഒഴിവാക്കും.