അബുദാബി : ജൂൺ അവസാനം ആകുമ്പോൾ യുഎഇയിൽ കൊവിഡ് പൂർണമായും ഇല്ലാതാകുമെന്ന് പഠന റിപ്പോർട്ട്. മെയ് പത്തോടെ യുഎഇ 97 ശതമാനം രോഗമുക്തി നേടുമെന്നാണ് സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് ഡിസൈൻസ് നടത്തിയ പഠനത്തിൽ പറയുന്നത്.
ദിവസവും അഞ്ഞൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരാശരി 100 പേരിലധികം രോഗമുക്തരാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 10 ലക്ഷം പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 76 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ച് മൂന്ന് മാസം ആകുമ്പോഴും മരണനിരക്ക് കുറയ്ക്കുവാനും രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാനും സാധിച്ചത് ആരോഗ്യ സംവിധാനങ്ങളുടെ നേട്ടമായിട്ടാണ് സർക്കാർ കരുതുന്നത്.
നാഇഫ് മേഖലയിലാണ് കൊറോണ ഏറ്റവും കൂടുതലായി ബാധിച്ചത്. എന്നാൽ ഇപ്പോൾ പുതിയ കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായ ഒന്നാണ്. മലയാളികൾ ഏറ്റവും കൂടുതലായി താമസിക്കുന്ന ഈ മേഖലയിൽ നിന്ന് 6391 പേരാണ് പരിശോധനയ്ക്ക് വിധേയരായത്.
ഒമാൻ സുപ്രീം കമ്മറ്റിയുടെ നിയന്ത്രണങ്ങളുടെ ഫലമായി രാജ്യത്ത് അടുത്ത ആറാഴ്ചയ്ക്കുള്ളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിക്കുമെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോക്ടർ അഹ്മദ് മുഹമ്മദ് അൽ സൈഡീ പറഞ്ഞു.
പ്രവാസികളുൾപ്പെടെ ഒരു കോടിയിലേറെയാണ് യുഎഇയിലെ ജനസംഖ്യ. ഇതിൽ 10 ലക്ഷം പേരേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും ദിവസവും 30,000ത്തിലധികം പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നതെന്നും അധികൃതർ അറിയിച്ചു.