jacinda-arden

വെല്ലിംഗ്ടൺ: കൊവിഡിനെതിരായ യുദ്ധം ജയിച്ചെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. നിലവിൽ രാജ്യത്ത് കൊവി‌ഡിന്റെ സാമൂഹിക വ്യാപനം അവസാനിച്ചെന്ന് അവർ വ്യക്തമാക്കി. 'തിരിച്ചറിയപ്പെടാത്ത തരത്തിൽ വ്യാപകമായ സമൂഹവ്യാപനം രാജ്യത്ത് ഉണ്ടായില്ല. കുറച്ച് ദിവസങ്ങളായി പുതുതായി ഒരു കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. നമ്മൾ ഈ യുദ്ധം ജയിച്ചു. പക്ഷേ, ജാഗ്രത തുടരണം. കടുത്ത സാമൂഹ്യനിയന്ത്രണങ്ങളിൽ ഇളവ് നൽകാം. ഇന്ന് മുതൽ വ്യാപാര സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും സ്കൂളുകൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ, ആളുകൾ ഒത്തു കൂടുന്നത് ഒഴിവാക്കണം. ജനങ്ങൾ പരമാവധി സമയം വീടുകളിൽ കഴിയണം.'- ജസീന്ത പറഞ്ഞു.

രാജ്യത്ത് 1500 പേരിൽ താഴെ മാത്രമായിരുന്നു വൈറസ്ബാധ സ്ഥിരീകരിച്ചത്. 19 പേർ മരിച്ചു.

 പാഠമാണ് ന്യൂസിലാൻഡ്
വളരെ ചുരുക്കം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും അതിർത്തികൾ അടയ്ക്കുകയും ചെയ്ത രാജ്യങ്ങളിലൊന്നാണ് ന്യൂസിലാൻഡ്. കൂടാതെ വിദേശത്ത് നിന്നെത്തിയ എല്ലാവരെയും കണ്ടെത്തി ക്വാറന്റൈൻ ചെയ്തു. വ്യാപകമായി പരിശോധന നടത്തി. മാർച്ച് 26 മുതൽ പൊതുസ്ഥലങ്ങളെല്ലാം അടച്ചു. വളരെ നേരത്തേ ലോക്ക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ പ്രതിദിനം ആയിരം പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായേനെയെന്ന് ജസീന്ത പറഞ്ഞിരുന്നു.

 ഭൂമിശാസ്ത്രം

ന്യൂസിലാൻഡിന്റെ പ്രത്യേക ഭൂമിശാസ്ത്രം വൈറസ് വ്യാപനത്തെ തടഞ്ഞിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്. കടലിനാൽ ചുറ്റപ്പെട്ട്, അന്റാർട്ടിക്കയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന ന്യൂസിലാൻഡ് സ്വാഭാവികമായിത്തന്നെ മറ്റു പ്രദേശങ്ങളുമായി സാമൂഹ്യ അകലം പാലിക്കുന്നു. അമ്പത് ലക്ഷമാണ് ജനസംഖ്യ. അതിനാൽ നഗരങ്ങളിൽ തിരക്കില്ല.