തിരുവനന്തപുരം: കാർഷികോത്പാദനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ കൈവശമുള്ള തരിശ് ഭൂമികളിലെ കൃഷിക്ക് കരകുളത്തെ കെൽട്രോണിൽ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. കാർഷിക രംഗത്തെ ഉത്പാദനം വർദ്ധിപ്പിച്ച് ഭക്ഷ്യക്ഷാമത്തെ നേരിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ സി. ദിവാകരൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, സെക്രട്ടറി എസ്. സുരേഷ്‌കുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസ്, ഹരിതകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡി. ഹുമയൂൺ, ബ്ലോക്ക് മെമ്പർ സുരേഷ് കുമാർ, കെൽട്രോൺ ചെയർമാൻ എൻ. നാരായണ മൂർത്തി, എം.ഡി ടി.ആർ. ഹേമലത തുടങ്ങിയവർ പങ്കെടുത്തു.
ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി തുടങ്ങിയ കിഴങ്ങ് വർഗങ്ങളും വാഴ, മുരിങ്ങ, അഗസ്തി ചീര തുടങ്ങിയ വിളകളുമാണ് കൃഷി ചെയ്യുന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജൈവഗ്രാമവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുമേഖലയിലെ 307 ഏക്കർ ഭൂമിയാണ് കൃഷിക്കായി കണ്ടെത്തിയിട്ടുള്ളത്.