ശ്രീനഗർ: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജമ്മു കാശ്‌മീരിൽ നാലു ഭീകരർ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ഗുജ്ജർ ഗ്രാമത്തിനു സമീപം ദേവ്സർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. സൈന്യത്തിന്റെ പെട്രോളിംഗ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മേഖലയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെ എത്തിയത്. ഏറ്റുമുട്ടൽ തുടരുകയാണെന്ന് കുൽഗാം പൊലീസ് സൂപ്രണ്ട് പറഞ്ഞു. മേഖലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് നാലാമത്തെ ഏറ്റുമുട്ടലാണ്.