ബീജിംഗ്: കൊവിഡ് വ്യാപനത്തിൽ നിന്ന് കര കയറുന്ന ചൈനയിൽ ഞായറാഴ്ച സ്കൂൾ തുറന്നപ്പോൾ കുട്ടികൾ മാസ്കിനൊപ്പം വർണ വൈവിദ്ധ്യമാർന്ന 'കൊമ്പുള്ള തൊപ്പി' ധരിച്ചെത്തിയത് ലോകമെങ്ങും വൈറലായി.
ഹാങ്ഷൗ നഗരത്തിലെ യാങ്ഴെങ് എലിമെന്റെറി സ്കൂളിലെ വിദ്യാർത്ഥികളാണ് സാമൂഹ്യ അകലം പാലിക്കുന്നതിന് നൂതന രീതി നടപ്പാക്കിയത്.
ക്ളാസിലെത്തിയ ഓരോ വിദ്യാർത്ഥിക്കും തൊപ്പിയുണ്ട്. മൂന്നടിയോളം നീളത്തിൽ ഇരുവശത്തേക്കും തിരശ്ചീനമായി നീണ്ടിരിക്കുന്ന ശിഖരങ്ങളാണ് തൊപ്പിയുടെ പ്രത്യേകത. തൊപ്പിയുടെ രണ്ട് അറ്റവും നീട്ടിയുള്ള കൊമ്പുകൾ വിദ്യാർത്ഥികളെ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും പരസ്പരം ഒരു മീറ്റർ അകലം പാലിക്കാൻ സഹായിക്കുന്നു.
പലനിറങ്ങളിലുള്ള കൊമ്പുകളിൽ കാർട്ടൂൺ ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. ബലൂണുകളും പേപ്പറുകളും കാർഡ്ബോർഡുകളും ഉപയോഗിച്ചാണ് 'കൊമ്പൻ തൊപ്പി' നിർമ്മിച്ചിരിക്കുന്നത്.
ചൈനയിൽ കൊവിഡ് വ്യാപനം നിയന്ത്രണത്തിലായതോടെയാണ് കർശനമായ മുൻകരുതലുകളുമായി സ്കൂളുകളും കോളേജുകളും വ്യവസായശാലകളും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്ക് ഉൾപ്പെടെയുള്ള കർശന മുൻകരുതലുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
'സമാനതകളില്ലാത്ത സാമൂഹ്യ അകലം പാലിക്കൽ' എന്ന തലക്കെട്ടിൽ ഡ്യൂക്ക് യൂണിവേഴ്സിറ്റി പ്രൊഫസർ എയ്ലീൻ ചെങ്യനാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ സംഗതി വൈറലായി.
ചൈനയിലെ പുരതാന സോങ് രാജവംശകാലത്ത് കോടതിയിൽ ഉദ്യോസ്ഥർ പരസ്പരം ഗൂഢാലോചന നടത്തുന്നത് തടയാനായി രാജാവ് ഏർപ്പെടുത്തിയ തലപ്പാവിനോട് 'കൊമ്പൻ തൊപ്പിക്ക്' സാമ്യമുണ്ടെന്നും എയ്ലീൻ കുറിച്ചു.