സ്റ്റോക്ക്ഹോം: യു.എസും ചൈനയും കഴിഞ്ഞാൽ 2019ൽ സൈനികാവശ്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിച്ചത് ഇന്ത്യയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ആഗോള സൈനിക ചെലവിൽ 3.6 ശതമാനം വർദ്ധനയുണ്ടായതായും സ്‌റ്റോക്ക്‌ഹോം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപ്രിയുടെ (സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) റിപ്പോർട്ടിൽ പറയുന്നു. ഇതാദ്യമായാണ് രണ്ട് ഏഷ്യൻ രാജ്യങ്ങൾ പ്രതിരോധ ചെലവുകളുടെ കാര്യത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്നത്. റഷ്യയാണ് നാലാം സ്ഥാനത്ത്.
ലോകത്തെ സൈനിക ചെലവിൽ 62 ശതമാനവും അഞ്ച് രാജ്യങ്ങളിലാണ്. യുഎസ്, ചൈന, ഇന്ത്യ, റഷ്യ, സൗദി അറേബ്യ എന്നിവയാണവ. 2018ലേതിനേക്കാൾ 6.8 ശതമാനം വർദ്ധനയാണ് ഇന്ത്യയുടെ പ്രതിരോധ ചെലവിലുണ്ടായത്. 71.1 ബില്യൺ ഡോളറാണ് കഴിഞ്ഞ വർഷം സൈനികാവശ്യങ്ങൾക്കായി ഇന്ത്യ ചെലവാക്കിയത്. അതേസമയം, ആഗോള സൈനിക ചെലവിന്റെ 38 ശതമാനവും ചെലവഴിച്ചിരിക്കുന്നത് അമേരിക്കയാണ്.