cm

തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച് ലോക്ക്ഡൗൺ ഭാഗികമായി മേയ് 15 വരെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതില്‍ ശ്രദ്ധാപൂര്‍വമായ തീരുമാനം കൈക്കൊള്ളണം. സംസ്ഥാനങ്ങളുടെ സവിശേഷതകൂടി പരിഗണിച്ച് വേണം തീരുമാനമെടുക്കേണ്ടത്.. ഭാഗികമായ ലോക്ക്ഡൗണ്‍ മെയ് 15 വരെ തുടരണമെന്നും മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ അന്നത്തെ സാഹചര്യം പരിഗണിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് സംസാരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനെ ധരിപ്പിച്ചത്.

കൊവിഡ് 19 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടങ്ങള്‍, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും നിലനിര്‍ത്തിയും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം, അന്തര്‍ജില്ല സംസ്ഥാന യാത്രകള്‍ മേയ് 15 വരെ നിയന്ത്രിക്കണം. സംസ്ഥാനത്ത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അതിനായി വേണ്ട പി.പി.ഇ കിറ്റുകളുടെ ആവശ്യകത വര്‍ദ്ധിക്കുകയാണ്. ഇത് സമാഹരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം.

പ്രവാസികളില്‍ ജയിലില്‍ കഴിയുന്നവര്‍, ചെറിയ വരുമാനമുള്ളവര്‍, ക്യാമ്പുകളില്‍ കഴിയുന്നവരടക്കമുള്ളവരുണ്ട്. ഇവരുടെ വിമാനക്കൂലി കേന്ദ്രസര്‍ക്കാര്‍ വഹിക്കണം.പുനരധിവാസ പാക്കേജ് അടിയന്തിരമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.