covid-19

റോം: ഇറ്റലിയിൽ മേയ് നാല് മുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകുമെന്ന് പ്രധാനമന്ത്രി ഗിസപ്പെ കോൻതെ. നിർമ്മാണമേഖല, മൊത്തവ്യാപാര മേഖല, ഉത്പാദകമേഖല, എന്നിവ പൂർണമായും പ്രവർത്തനം ആരംഭിക്കും. തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പെരുമാറ്റച്ചട്ടം പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഇറ്റലിയെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ സുരക്ഷിത അകലം പാലിക്കാൻ വ്യക്തിപരമായി എല്ലാവരും തയ്യാറാവണം. കൊവിഡിനെ ഭാഗികമായി പ്രതിരോധിക്കാനായെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല. സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ രോഗവ്യാപനം വീണ്ടുമുണ്ടാകും. മരണസംഖ്യ വീണ്ടുമുയരും. സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന ജനങ്ങളെയല്ല മറിച്ച് തൊഴിൽ ചെയ്യുന്നവരെയാണ് സമ്പദ്ഘടനയ്ക്കാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർക്കുകളും പൊതു ഉദ്യാനങ്ങളും തുറന്നു പ്രവർത്തിക്കും.

 മാസ്‌ക് ധരിച്ച് ബന്ധു വീടുകൾ സന്ദർശിക്കാം.

 സുരക്ഷിതമായ അകലം പാലിച്ചു കൊണ്ട് പതിനഞ്ചോളം പേർ മാത്രം പങ്കെടുക്കുന്ന രീതിയിൽ ശവസംസ്‌കാരം നടത്താം.

 ജോഗിങ് അനുവദിക്കും.

 വീടുകളിൽ നിന്ന് 200 മീറ്റർ അകലെ വരെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യാം.

 മേയ് 18 മുതൽ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, മ്യൂസിയം, ലൈബ്രറികൾ, ഗാലറികൾ എന്നിവയും ജൂൺ ഒന്ന് മുതൽ ബാറുകൾ, റെസ്‌റ്റോറന്റുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയും പ്രവർത്തനമാരംഭിക്കും.