i-legue

കൊവിഡ് കാലത്ത് കളിക്കാരുടെ കരാറുകൾ റദ്ദാക്കി ഇൗസ്റ്റ് ബംഗാൾ അടക്കമുള്ള ക്ളബുകൾ

പ്ളേയേഴ്സ് അസോസിയേഷൻ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു

ന്യൂഡൽഹി : ലോകത്തെ മുഴുവൻ ഏറെക്കുറെ നിശ്ചലമാക്കിയ കൊവിഡിന്റെ വിളയാട്ടം ഫുട്ബാളിനെയും ഏറെ പ്രതികൂലമായി ബാധിച്ചു. മെസി അടക്കമുള്ള ലോകോത്തരതാരങ്ങൾക്ക് ശമ്പളത്തിൽ കുറവുവന്നു.വലിയ ക്ളബുകളൊക്കെ കളിക്കാർക്ക് പ്രതിഫലം കൊടുക്കാനാവാതെ പ്രതിസന്ധിയിലായി. ഇന്ത്യൻ ഫുട്ബാളും ആ വഴിക്കാണ് പോകുന്നതെന്ന് സൂചനകൾ നൽകി ഐ ലീഗിലെ പല ക്ളബുകളും കളിക്കാരുമായുള്ള കരാറുകൾ റദ്ദാക്കാൻ തുടങ്ങി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ കളിക്കാരുമായുള്ള കരാറിലെ " ഫോഴ്സ് മജോർ" എന്ന നിബന്ധന ഉപയോഗിച്ചാണ് റദ്ദാക്കൽ .മുൻകൂട്ടി അറിയാനാകാത്ത സാഹചര്യങ്ങളിൽ കരാർ റദ്ദാക്കാനുളള വകുപ്പാണ് " ഫോഴ്സ് മജോർ. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ഇൗ നിയമം നടപ്പിലാക്കാനാണ് ഫിഫ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഇന്ത്യൻ ക്ളബുകൾ ഏകപക്ഷീയമായി കരാറുകൾ റദ്ദാക്കുകയാണെന്ന് കളിക്കാർ പരാതിപ്പെടുന്നു.

ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നേരിട്ട് നിയന്ത്രിക്കുന്ന ഇന്ത്യൻ ആരോസ്, ഇൗ സീസണോടെ ഐ.എസ്.എൽ ക്ളബ് എ.ടി.കെയുമായി ലയിക്കുന്ന മോഹൻ ബഗാൻ, റയൽ കാശ്മീർ എന്നീ ഐ ലീഗ് ക്ളബുകൾ മാത്രമാണ് കളിക്കാരുമായി കരാർ നിയമങ്ങൾ മുഴുവനായി പാലിക്കാൻ തയ്യാറായിട്ടുള്ളത്. പ്രമുഖ ക്ളബായ ഇൗസ്റ്റ് ബംഗാൾ അടക്കം കരാറുകൾ ഏകപക്ഷീയമായി റദ്ദാക്കിക്കഴിഞ്ഞു.മാർച്ച് പകുതിമുതൽ കളി നടക്കാത്തതിനാൽ ആ സമയം വച്ച് കരാറുകൾ റദ്ദാക്കുകയാണ് ചെയ്യുന്നത്.ഏപ്രിൽ മാസം അവസാനത്തോടെയാണ് ലീഗ് അവസാനിക്കുന്നത് എന്നതിനാൽ സാധാരണഗതിയിൽ ഏപ്രിൽ 30വരെ കരാർ ഉണ്ടാകും.

എന്നാൽ കരാറുകൾ റദ്ദാക്കിയതിനാൽ മിക്ക ക്ളബുകളിലെയും താരങ്ങൾക്ക് മാർച്ചിന് ശേഷം പ്രതിഫലം ലഭിക്കാത്ത അവസ്ഥയാണ്. ഒന്നിലേറെ ക്ളബുകൾ ഇൗ രീതിയിലേക്ക് മാറിയതോടെ ഇതിനെതിരെ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഫുട്ബാൾ പ്ളെയേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ. ഫിഫയുടെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല ഇന്ത്യൻ ക്ളബുകൾ കരാർ റദ്ദാക്കാനുള്ളള വകുപ്പ് ഉപയോഗിക്കുന്നതെന്ന് അസോസിയേഷൻ ജനറൽ മാനേജർ സൈറസ് പറഞ്ഞു.

സീസൺ അവസാനിക്കാൻ നാലോ അഞ്ചോ മാസം ശേഷിക്കേ കരാർ റദ്ദാക്കുന്നത് മനസിലാക്കാം. അപ്പോൾ കളിക്കാർക്ക് മറ്റൊരു ഒാപ്ഷൻ ലഭിക്കും.എന്നാൽ രണ്ട് മാസം മാത്രം ശേഷിക്കേ, എങ്ങും കളി നടക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ കരാർ റദ്ദാക്കുന്നത് ആ സമയത്തെ ശമ്പളം കൊടുക്കാതിരിക്കാൻ മാത്രമാണ്. ക്ളബുകൾക്ക് ഏകപക്ഷീയമായി കരാർ റദ്ദാക്കാനുമാകില്ല. കളിക്കാരുമായുളള കൂട്ടായ തീരുമനത്തിലൂടെയേ അതു നടക്കൂ. അതുകൊണ്ടുതന്നെ ഞങ്ങൾ ഇതിനെ നിയമപരമായി നേരിടും.

- സൈറസ്

പ്ളേയേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ

ജനറൽ മാനേജർ