ലണ്ടൻ: കൊവിഡ് മുക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ജോലിയിൽ പുനഃപ്രവേശിച്ചു. ഇന്നലെ രാ വിലെയാണ് ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രി ഓഫീസിൽ അദ്ദേഹം തിരികെയെത്തിയത്. ഇന്നലെ നടന്ന കൊവിഡ് അവലോകന യോഗത്തിൽ ജോൺസൺ അദ്ധ്യക്ഷനായി.
' ഇന്ന് മുതൽ രാജ്യത്തെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് താൻ നേരിട്ട് നേതൃത്വം നൽകും.'- കൊവിഡ് ഭേദമായതിന് ശേഷമുള്ള ആദ്യ പൊതു അഭിസംബോധനയിൽ ജോൺസൺ പറഞ്ഞു. 'ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, അത് കണക്കിലെടുക്കില്ല. കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഒരുമിച്ച് പരിശ്രമിച്ചാൽ 12 ആഴ്ചകൾ കൊണ്ട് രാജ്യത്തെ കൊവിഡ് മുക്തമാക്കാം.'
പദവിയിൽ നിന്ന് ദീർഘനാൾ മാറിനിൽക്കേണ്ടി വന്നതിൽ അദ്ദേഹം ജനങ്ങളോട് ക്ഷമ ചോദിച്ചു.
ഒരു മാസക്കാലം ജനങ്ങൾ വീടുകളിൽ തന്നെയിരുന്നു. അതിന് നന്ദി പറയുന്നു, ഇത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ മൂലം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്കകൾ സ്വന്തം പാർട്ടി പ്രതിനിധികൾ പങ്കുവച്ചപ്പോൾ, നിയന്ത്രണങ്ങൾ നീക്കാനുള്ള സമയമല്ല ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
' ഇത് കഠിനമാണെന്ന് എനിക്കറിയാം, സമ്പദ് വ്യവസ്ഥ വേഗത്തിൽ മുന്നോട്ട് കുതിക്കണമെന്നാണ് എന്റെയും ആഗ്രഹം. എന്നാൽ ഇത്രയും നാൾ നാം അനുഭവിച്ച എല്ലാ ത്യാഗങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ഉണ്ടാകാനോ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുത്താനോ സാധിക്കില്ല.'- ജോൺസൺ വ്യക്തമാക്കി.