shaktikantha-das

ന്യൂഡൽഹി: മ്യൂച്വൽ ഫണ്ടുകൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം ഒഴിവാക്കാൻ റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ പ്രത്യേക പണലഭ്യതാ പദ്ധതി (എസ്.എൽ.എഫ് - എം.എഫ്) പ്രഖ്യാപിച്ചു. കൊവിഡും ലോക്ക്ഡൗണും മൂലം മ്യൂച്വൽഫണ്ട് നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ച് തുടങ്ങിയതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്.

നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാനുള്ള പണം ഉറപ്പാക്കാനാവാത്തതിനാൽ, അമേരിക്കൻ കമ്പനിയായ ഫ്രാങ്ക്‌ളിൻ ടെമ്പിൾടൺ കഴിഞ്ഞ 24ന് ഇന്ത്യയിലെ ആറ് ഡെറ്റ് ഫണ്ടുകൾ പൂട്ടിയിരുന്നു. ഇത്, മറ്റ് മ്യൂച്വൽഫണ്ടുകളിലും പ്രതിസന്ധി സൃഷ്‌ടിക്കുകയായിരുന്നു. പദ്ധതി പ്രകാരം മേയ് 11 വരെ റിസർവ് ബാങ്ക് റിപ്പോ ഓപ്പറേഷനുകൾ സംഘടിപ്പിക്കും. ബാങ്കുകൾക്ക് കൈവശമുള്ള കടപ്പത്രങ്ങൾ റിസർവ് ബാങ്കിൽ ഈടുവച്ച് പണം നേടാം.

ഈ പണം മ്യൂച്വൽഫണ്ടുകൾക്ക് വായ്‌പയായി കൈമാറണം. അവർ ഇത് നിക്ഷേപകർക്കും നൽകണം. ഈടുവച്ച് നേടാവുന്ന കുറഞ്ഞ തുക ഒരു കോടി രൂപയാണ്. ഇതിന് മുമ്പ് 2013ലാണ് മ്യൂച്വൽ ഫണ്ടുകൾക്കായി റിസർവ് ബാങ്ക് ഇത്തരം റിപ്പോ ഓപ്പറേഷൻ നടത്തിയത്. അന്ന്, പ്രഖ്യാപിച്ചത് 25,000 കോടി രൂപയാണ്. 2008ലെ ആഗോളമാന്ദ്യ കാലത്തും റിസർവ് ബാങ്ക് ഈ വിധം സഹായിച്ചിരുന്നു.

ധനക്കമ്മി പണമാക്കുന്നത്

ചർച്ച ചെയ്‌തിട്ടില്ല: ദാസ്

സമ്പദ്ഞെരുക്കം മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി പണമാക്കുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ധനക്കമ്മിക്ക് തത്തുല്യമായി കൂടുതൽ കറൻസി നോട്ടുകൾ റിസർവ് ബാങ്ക് അച്ചടിക്കണമെന്ന ആശയം ഉയർന്നിട്ടുണ്ട്. സംസ്ഥാന ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കും സമാന ആശയം മുന്നോട്ടുവച്ചിരുന്നു.