bill-gates


ന്യൂയോർക്ക്: കൊവിഡിനെ കൃത്യമായി നിയന്ത്രിക്കാതെ സംസ്ഥാനങ്ങൾ പ്രവർത്തനമാരംഭിക്കുന്നത് വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. അമേരിക്കൻ മാദ്ധ്യമത്തിന്നൽകിയ അഭിമുഖത്തിലാണിത്. മഹാമാരി രാജ്യത്തെ മുഴുവൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ എത്രയും പെട്ടെന്ന് പ്രവർത്തനം പുനരാരംഭിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെത്തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ അമേരിക്ക തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണിത്.

നിയന്ത്രണങ്ങളിൽനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തുറന്നുകൊടുക്കണമെങ്കിൽ ആദ്യം വ്യാപകമായ പരിശോധനകൾ നടത്തണമെന്നും പുതിയ വൈറസ് കേസുകൾ കണ്ടെത്തണമെന്നും ഗേറ്റ്സ് പറയുന്നു. രണ്ടാം വരവിൽ ന്യൂയോർക്കിനെക്കാൾ വലിയതോതിൽ മറ്റു സംസ്ഥാനങ്ങളെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ വിവിധ മഹാമാരികളെക്കുറിച്ച് വർഷങ്ങളായി പഠിക്കുന്നുണ്ട്. ഇപ്പോൾ കൊവിഡ് വൈറസിനെ പ്രതിരോധിക്കാനും അവർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.