ബംഗളുരു: മാവോയിസ്റ്റ് വിരുദ്ധ 'കോബ്ര' യൂണിറ്റിൽ പ്രവർത്തിക്കുന്ന സി.ആർ.പി.എഫ് കമാൻഡോയെ പിടികൂടി മർദ്ദിച്ച്, ചങ്ങലയ്ക്കിട്ട് കർണാടക പൊലീസ്. ജവാൻ കൊവിഡ് പ്രതിരോധത്തിനുള്ള നിർദേശങ്ങൾ ലംഘിച്ചുവെന്നും മാസ്ക് ധരിച്ചില്ലെന്നും പറഞ്ഞുകൊണ്ടാണ് സിവിലിയൻ വേഷത്തിലായിരുന്ന സച്ചിൻ സാവന്ത് എന്ന ജവാനെ ഏപ്രിൽ 23ന് പൊലീസ് പിടികൂടിയത്.
കർണാടകയിലെ ബെലഗാവി സ്വാദേശിയായ ജവാനെ പൊലീസ് നഗ്നപാദമായി സ്റ്റേഷനിലേക്ക് നടത്തുകയും ചങ്ങലയ്ക്കിട്ട് വെറും നിലത്ത് ഇരുത്തുകയും ചെയ്തിരുന്നു. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയ വഴി പ്രചരിച്ചിട്ടുമുണ്ട്. എന്നാൽ ജവാനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ അദ്ദേഹം മോശം ഭാഷ ഉപയോഗിച്ചെന്നും കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചുവെന്നും ആക്രമണത്തിന് മുതിർന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.
തങ്ങൾ സി.ആർ.പി.എഫ് ജവാനെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും കർണാടക പൊലീസ് പറയുന്നുണ്ട്. സി.ആർ.പി.എഫ് അധികാരക്രമത്തെ പൊലീസിന് അറിവുണ്ടായിരുന്നുവെങ്കിൽ ഈ 'നിർഭാഗ്യകരമായ സാഹചര്യം' ഒഴിവാക്കാമായിരുന്നുവെന്ന് സി.ആർ.പി.എഫ് പ്രതികരിച്ചു. വിഷയത്തിൽ കർണാടക പൊലീസ് മേധാവിയെ സമീപിക്കുമെന്നും അന്വേഷണം നടത്തുമെന്നും സി.ആർ.പി.എഫ് വ്യക്തമാക്കി.