*വിദഗ്ദ്ധ സമിതി ശുപാർശ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക്
* രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് വൻ സംവരണ നഷ്ടത്തിന് സാദ്ധ്യത
തിരുവനന്തപുരം : രാജ്യത്തെ പിന്നാക്ക സമുദായങ്ങളുടെ ഉദ്യോഗ, വിദ്യാഭ്യാസ സംവരണത്തിൽ നിന്ന് ക്രീമിലെയർ വിഭാഗത്തെ ഒഴിവാക്കാനുള്ള വാർഷിക കുടുംബ വരുമാനത്തിൽ അപേക്ഷകന്റെ മാതാപിതാക്കളുടെ പ്രതിമാസ ശമ്പളം ഉൾപ്പെടെ മൊത്തം വരുമാനവും ഉൾപ്പെടുത്താൻ കേന്ദ്ര നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്സണൽ മന്ത്രാലയം മുൻ സെക്രട്ടറി ബി.പി.ശർമ്മ ചെയർമാനായ വിദഗ്ദ്ധ സമിതിയുടെ ശുപാർശ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. കേന്ദ്ര മന്ത്രിസഭ ഉടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന.
രാജ്യത്തെ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണത്തിന് സുപ്രീംകോടതി അംഗീകരിച്ച്,1993 മുതൽ നിലനിൽക്കുന്ന ക്രീമിലെയർ ഉത്തരവിൽ അപേക്ഷകന്റെ മാതാപിതാക്കളായ ഉദ്യോഗസ്ഥരുടെ മാതാപിതാക്കളുടെ ശമ്പളവും കൃഷിയിൽ നിന്നുള്ള വരുമാനവും മാനദണ്ഡമാക്കരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ക്ലാസ് ഒന്ന്-ഗ്രൂപ്പ് ഉദ്യോഗസ്ഥർ, പട്ടാളത്തിൽ കേണൽ റാങ്കിലും അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥർ, രാഷ്ട്രപതി , ഉപരാഷ്ട്രപതി, ഗവർണർ, ജഡ്ജിമാർ തുടങ്ങി
ഉന്നത പദവികൾ വഹിക്കുന്നവർ തുടങ്ങിയവരെയാണ് പ്രത്യേക ക്രീമിലെയർ വിഭാഗമായി പരിഗണിച്ചിരുന്നത്. ഇതിൽ താഴെയുള്ള വിഭാഗങ്ങളിൽ അതതു കാലത്ത് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന വരുമാനപരിധിക്കു മുകളിൽ ശമ്പളം ഒഴികെയുള്ള വാർഷിക കുടുംബ വരുമാനമുള്ളവരെയാണ് ക്രീമിലെയറായി കണക്കാക്കിയിരുന്നത്. പിന്നാക്ക സമുദായങ്ങളിലെ വലിയൊരു വിഭാഗത്തിന് ഇതുവഴി സംവരണത്തിന് അർഹത ലഭിച്ചിരുന്നു. എന്നാൽ, ഇനി മുതൽ ക്ലാസ് വേർതിരിവില്ലാതെ എല്ലാ പിന്നാക്ക വിഭാഗം ഉദ്യോഗസ്ഥരുടെയും പ്രതിമാസ ശമ്പളവും ഇതിലേക്ക് പരിഗണിക്കണമെന്നാണ് ബി.പി. ശർമ്മ സമിതിയുടെ ശുപാർശ. കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിക്കുന്ന പക്ഷം രാജ്യത്തെ പിന്നാക്ക സമുദായങ്ങളിൽ നിലവിൽ സംവരണാനുകൂല്യം ലഭിച്ചുവരുന്നവരിൽ സിംഹഭാഗവും ക്രീമിലെയറിൽ ഉൾപ്പെടുകയും അതുവഴി സംവരണ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുമെന്ന ആശങ്ക ഉയരുന്നു.
വരുമാന പരിധി
12 ലക്ഷമായി
ഉയർത്താൻശുപാർശ
പിന്നാക്ക വിഭാഗങ്ങളുടെ ക്രീമലെയർ വരുമാന പരിധി 12 ലക്ഷം രൂപയായി ഉയർത്തണമെന്നതാണ് ബി.പി.ശർമ്മ സമിതിയുടെ മറ്റൊരു പ്രധാന ശുപാർശ. നിലവിൽ ഇത് 8 ലക്ഷം രൂപയാണ്.
അതേ സമയം,വരുമാന പരിധി 12 ലക്ഷമായി ഉയർത്തിയാലും, ശമ്പളം കൂടി ക്രീമലെയറിന് പരിഗണിക്കുന്ന പക്ഷം പിന്നാക്ക വിഭാഗക്കാർക്ക് കാര്യമായ ഗുണം കിട്ടില്ല. പ്രതിമാസ കുടുംബ വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലായാൽക്ലാസ്സ് -മൂന്നിലും അതിൽ താഴെയും ഉദ്യോഗമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നല്ലൊരു വിഭാഗത്തിനും സംവരണം നഷ്ടമാവും..