ന്യൂഡൽഹി : കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം ഒരു വർഷത്തേക്ക് നിറുത്തിവയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. പൊലീസുകാർ, ഡോക്ടമാർ,നഴ്സുമാർ എന്നിവർക്കും ഇളവില്ല. കോർപറേഷനുകൾ,തദ്ദേശസ്ഥാപനങ്ങൾ,വിവിധ ബോർഡുകൾ, സർവകലാശാലകൾ, കമ്മിഷനുകൾ,കമ്പനികൾ, സൊസൈറ്റികൾ തുടങ്ങിയവയിലെ ജീവനക്കാർക്കും ബാധകം.
ബ്രിഹാൻ മുംബയ് മുൻസിപ്പൽ കോർപേറഷൻ 348 സ്വകാര്യ നഴ്സിംഗ് ഹോമുകളുടെ രജിസ്ട്രേഷൻ റദ്ദാക്കി. നിരന്തരം അഭ്യർത്ഥിച്ചിട്ടും സ്ഥാപനം തുറന്നു പ്രവർത്തിക്കാത്തതിനാലാണ് നടപടി.
മഹാരാഷ്ട്രയിൽ കുടുങ്ങിയ 3500 പഞ്ചാബ്, ഹരിയാന സ്വദേശികളെ തിരികെയത്തിക്കാൻ പഞ്ചാബ് സർക്കാർ 80 പ്രത്യേക ബസുകൾ അയച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിലെ ഗുരുദ്വാര സന്ദർശിക്കാനെത്തിയവരാണ് ഇവർ.
ഋഷികേശ് എയിംസിലെ 22 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവിടെ ഒരു നഴ്സിംഗ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ആന്ധ്ര രാജ്ഭവനിലെ നാലു ജീവനക്കാർക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഗവർണറുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ,മെഡിക്കൽ സ്റ്റാഫ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇവർക്ക് വിദേശയാത്ര ബന്ധം ഇല്ലെന്നാണ് റിപ്പോർട്ട്
അഹമ്മദാബാദിലെ കോൺഗ്രസ് നേതാവും കൗൺസിലറുമായ ബദറുദ്ദീൻ ഷെയ്ക്ക് കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 15നാണ് രോഗം സ്ഥിരീകരിച്ചത്.
ബിഹാറിൽ പുതിയ 19 കൊവിഡ് ബാധിതർ. ആകെ 345 രോഗികൾ.
യു.പിയിലെ ഉന്നാവിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് കൊവിഡ്
ഇൻഡോറിൽ മൂന്ന് പേർ കൂടി മരിച്ചു. ആകെ മരണം 60.