അജ്മാൻ: ഗൾഫ് രാജ്യമായ യു.എ.ഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയെന്ന് കരുതപ്പെടുന്ന മൂന്ന് വയസുകാരി രോഗമുക്തയായി. അജ്മാനിലെ മലയാളി പ്രവാസികളായ ശ്യാം, ഗീത ദമ്പതികളുടെ മകൾ നിവേദ്യയാണ് രോഗമുക്തയായത്. തന്റെ മാതാപിതാക്കളോടൊപ്പം ആമിന ആശുപത്രിയിലാണ് നിവേദ്യയും ചികിത്സയിലുണ്ടായിരുന്നത്.
നിവേദ്യയുടെ സഹോദരി അഞ്ച് വയസുകാരിയായ നവമിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കുട്ടിയായതിനാൽ നിവേദ്യയുടെ ശരീരം അതിവേഗത്തിൽ മരുന്നുകളോട് പ്രതികരിക്കുകയും തുടർന്ന് രോഗം ഭേദമാവുകയും ചെയ്തതായി കുട്ടിയെ ചികിത്സിച്ച ഡോക്ടർ ജെന്നി ജോൺ ചെറിയത്ത് പറഞ്ഞു.
പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് പനിയും ചുമയും തലവേദനയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ഇരുവരെയും ന്യൂമോണിയ രോഗവും ബാധിച്ചു. ഒട്ടും വൈകിപ്പിക്കാതെ തുടയ്ക്കത്തിൽ തന്നെ ചികിത്സ തേടിയതും മൂവരുടെയും രോഗം എളുപ്പത്തിൽ ഭേദമാകാൻ കാരണമായി. മുൻപ് യു.എ.ഇയിൽ കഴിയുന്ന നാല് വയസുള്ള ഇന്ത്യൻ ബാലികയ്ക്കും കൊവിഡ് രോഗം ഭേദമായിരുന്നു.