b-r-shetty

ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും എൻ.എം.സി ഹെൽത്ത്കെയർ, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ഡോ.ബി.ആർ. ഷെട്ടിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യു.എ.ഇയുടെ കേന്ദ്ര ബാങ്ക് ഉത്തരവിട്ടു. ഷെട്ടിക്ക് ബന്ധമുള്ള എല്ലാ കമ്പനികളെയും കരിമ്പട്ടികയിൽപ്പെടുത്തി.

എൻ.എം.സി ഹെൽത്ത് കെയറിറിന് 300 കോടി ദിർഹം (ഏകദേശം 6,230 കോടി രൂപ) വായ്പ നൽകിയ അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന്റെ പരാതി പ്രകാരമാണ് നടപടി. ഷെട്ടിക്കും യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ മുൻ സി.ഇ.ഒയും മലയാളിയുമായ പ്രമോദ് മാങ്കാട്ട് എന്നിവരുൾപ്പെടെ ആറു പേർക്കെതിരെയാണ് ബാങ്ക് തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും പരാതിയുള്ളത്.

ബാലൻസ് ഷീറ്റ് പെരുപ്പിച്ച് കാട്ടിയെന്നും കടബാദ്ധ്യത കുറച്ചുകാട്ടിയെന്നും ചൂണ്ടിക്കാണിച്ച് ഫെബ്രുവരിയിൽ അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മഡ്ഡി-വാട്ടേഴ്‌സും ഷെട്ടിക്കെതിരെ അരോപണം ഉന്നയിച്ചിരുന്നു. തുടർന്ന്, എൻ.എം.സി ഹെൽത്ത് കെയറിന്റെ ഓഹരിവില 70 ശതമാനത്തിലേറെ ഇടിഞ്ഞു. ഇതോടെ, എൻ.എം.സിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് അദ്ദേഹം ഒഴിഞ്ഞിരുന്നു. ലണ്ടൻ സ്‌റ്റോക്ക് എക്സ്‌ചേഞ്ച് എൻ.എം.സിയുടെ വ്യാപാരവും നിറുത്തിയിരുന്നു. ഷെട്ടി നിലവിൽ സ്വദേശമായ ഉടുപ്പിയിലാണുള്ളത്. ഏകദേശം 50,000 കോടി രൂപയുടെ കടക്കെണിയിലാണ് ഇപ്പോൾ ഷെട്ടി.