sa-bobde

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രം ഏർപ്പെടുത്തിയ ലോക്ക്ഡൗനിന്റെ കാലത്ത് കള്ളന്മാർ കുറ്റം ചെയ്യുന്നില്ലെന്നും സർക്കാറിന്റെ പ്രധാനപ്പെട്ട മൂന്ന് അവയവങ്ങളും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നതെന്നും അഭിപ്രായപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ദെ. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഈ സമയത്ത്ക് ഷമയാണ് ആവശ്യമെന്നും രാജ്യം ക്ഷമയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

'കേന്ദ്ര സർക്കാറിന്റെ എല്ലാ വിഭാഗങ്ങളും അവരവരുടെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്യുന്നത്. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികളും ഭരണാധികാരികൾ നന്നായി കൈകാര്യം ചെയ്യുന്നു. എക്‌സിക്യൂട്ടിവിനോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ ആവശ്യപെടുന്നുണ്ട്. അതിനായി സാദ്ധ്യമായതെല്ലാം ഉപയോഗിക്കാനും പറഞ്ഞു. രാജ്യത്തെ ഒറ്റ പൗരൻ പോലും അപകടത്തിൽ പെടാതിരിക്കാൻ സർക്കാർ ആവശ്യമായത് ചെയ്യുന്നുവെന്ന കാര്യത്തിൽ സംശയമില്ല.' സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

അശ്രദ്ധയുണ്ടാകുമ്പോൾ നീതിന്യായ വ്യവസ്ഥ കൃത്യമായി ഇടപെടുമെന്നും കോടതികൾക്ക് കഴിയും വിധം പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുമെന്നും ബോബ്‌ദെ വ്യക്തമാക്കി. വിശ്രമമില്ലാതെ കേസുകൾ തീർപ്പാക്കാനാണ് കോടതി ശ്രമിക്കുന്നത്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് സർക്കാറിനോട് കോടതി ചോദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് പറയുന്നു.

കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാനും പരിശോധന ഫലം നെഗറ്റീവാകുന്നവരെ വീടുകളിലെത്തിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണിന്റെ കാലത്ത് കേസുകളുടെ എണ്ണം കാര്യമായി കുറഞ്ഞു. എന്നാൽ ലോക്ക്ഡൗൺ മൂലമല്ലെന്നും കള്ളന്മാർ കുറ്റകൃത്യങ്ങൾ ചെയ്യാത്തതുകൊണ്ടാണെന്നും എസ്.എ. ബോബ്‌ദെ പറയുന്നു.