ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. മുപ്പത് ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒമ്പത് ലക്ഷത്തോളം പേർക്ക് രോഗം ഭേദമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 56,000ത്തിൽ കൂടുതൽ ആളുകളാണ് യു.എസിൽ മാത്രം മരിച്ചത്. പത്ത് ലക്ഷത്തിലധികം രോഗികളും ഉണ്ട്. അമേരിക്കയിൽ ഇന്നലെ മാത്രം 1347 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 പിന്നിട്ടു. സ്‌പെയിനിൽ മരണ സംഖ്യ 23,521 ആയി ഉയർന്നു. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടണിൽ മരിച്ചവരുടെ എണ്ണം 21,092 ആയി. കൊവിഡ് മുക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജോലിയിൽ പുനഃപ്രവേശിച്ചു. പദവിയിൽ നിന്ന് ദീർഘനാൾ മാറിനിൽക്കേണ്ടി വന്നതിൽ അദ്ദേഹം ജനങ്ങളോട് ക്ഷമ ചോദിച്ചു.
അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 28,380 ആയി. മരണസംഖ്യ 886 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അറുപതോളം മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1400ലധികം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. മേയ് മൂന്നിനാണ് രാജ്യത്ത് ലോക്ക് ഡൗൺ അവസാനിക്കുന്നത്.എന്നാൽ രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.