ശബരിമല ക്ഷേത്രത്തിലെ കൊടിയുടെ ചിഹ്നമായി കുതിര വന്നതെങ്ങനെ? ആന്ധ്രാപ്രദേശ് മുതൽ തെക്കോട്ടുള്ള തെന്നിന്ത്യൻ ഹൈന്ദവ ജനതയുടെ ആരാധനാമൂർത്തിയായ ശ്രീധർമ്മശാസ്താവിന്റെയും ശബരിമല ക്ഷേത്രത്തിന്റെയും ഉത്പ്പത്തിയും വികാസവും പുരാതന കേരള ചരിത്ര സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന്ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഉത്തര നവീന ശിലായുഗം മുതൽ തെന്നിന്ത്യയിൽ കുതിരയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതിന് തമിഴ്നാട്ടിലെ ഹല്ലൂരിൽ നിന്നു കിട്ടിയ കുതിരയുടെ അസ്ഥികൂടം തെളിവാണെന്ന് 'കേരളത്തിന്റെ ഗോത്രവർഗ പൈതൃകം" എന്ന ചരിത്ര പഠന കൃതി അടിവരയിടുന്നു.
കേരള സംസ്കാരത്തിന്റെ മുതൽക്കൂട്ടാണ് നാട്ടുവിജ്ഞാനവും നാടൻ പാട്ടുകളും, കലാരൂപങ്ങളും. ഗോത്രവർഗ സമൂഹങ്ങളുടെ അത്തരം രാഷ്ട്രീയപരവും സാമൂഹികവും,വൈജ്ഞാനികവുമായ തലങ്ങളിൽ ആഴത്തിൽ മുങ്ങിത്തപ്പി കണ്ടെത്തിയ ചരിത്ര സത്യങ്ങളുടെ സമഗ്രവും ആധികാരികവുമായ അവതരണമാണ്, പ്രമുഖ ചരിത്ര ഗവേഷകനും, ഭാഷാ പണ്ഡിതനുമായ ഡോ. ആർ.ഗോപിനാഥൻ രചിച്ച ഈ കൃതി. യു.ജി.സിയുടെ എമരിറ്റസ് ഫെല്ലോഷിപ്പോടെ നടത്തിയ രണ്ട് വർഷം നീണ്ട പഠനങ്ങളുടെയും യാത്രകളുടെയും പൂർത്തീകരണം കൂടിയാണിത്. ഇടുക്കിയിലെ ഉള്ളാടൻ, ഊരാലി, മലയരയർ, മലപ്പുലയർ തുടങ്ങിയ ഗോത്രവർഗക്കാരുടെ പാട്ടുകളിലും പുരാവൃത്തങ്ങളിലും സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുണ്ട്. ഹരിഹരസുതനും മോഹിനീസുതനുമായ അയ്യപ്പൻ ശൈവ-വൈഷ്ണവ സമന്വയത്തിന്റെ ദർശനമാണ്. തമിഴ്നാട്ടിൽ പ്രശസ്തമായ ദേവതയാണ് അയ്യനാർ. ഗ്രാമാതിർത്തിയിലാണ് അയ്യനാരുടെ താവളം. കാവലായി കളിമൺ കുതിരകളും. അയ്യനാർ ആരാധിക്കപ്പെടുന്നത് പരമശിവന് വിഷ്ണുമോഹിനിയിൽ പിറന്ന പുത്രനായാണ്. ശബരിമലയ്ക്ക് സമീപം ചുരുളിമലയിൽ അവലോകിതേശ്വര ബോധിസത്വന്റെ ഗുഹാക്ഷേത്രത്തിൽ ഇന്ന് ശബരിമലയിലുള്ളത് പോലെ പതിനെട്ടാം പടി കയറ്റം ഉണ്ടായിരുന്നതിനും തെളിവുള്ളതായി ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു.
ശബരിമലയും ബുദ്ധമതവും അയ്യനും അപ്പനും (ബുദ്ധൻ) ചേർന്നതാണ് അയ്യപ്പൻ. അയ് + അപ്പൻ എന്നത് അഞ്ച് അപ്പനാണെന്നും അത് ബുദ്ധമതതത്വമായ പഞ്ചശീലങ്ങളെ കുറിക്കുന്നതാണെന്നുമാണ് വിവക്ഷ. ശാക്യമുനിയായ ബുദ്ധനെ അമരകോശത്തിൽ ശാസ്താവെന്ന് പറയുന്നു. ദൈവത്തെയും ഭക്തനെയും ഒറ്റപ്പദം കൊണ്ട് വിവക്ഷിക്കുന്നത് ശ്രീശങ്കര അദ്വൈതത്തിന്റെ പ്രയോഗരൂപമാണ്. ശബരിമല ക്ഷേത്ര കവാടത്തിന് മുന്നിൽ എഴുതി വച്ചിട്ടുള്ള തത്വമസി (അത് നീയാകുന്നു) ഇതിന്റെ പ്രഘോഷണമാണ്. വ്രതമെടുത്ത് സസ്യഭുക്കുകളായി വാക്,മനോ കർമ്മങ്ങളിൽ വിശുദ്ധിയോടെ, കറുപ്പോ കാവിയോ ഉടുത്ത്, ശരണം വിളികളോടെ, പാപപുണ്യത്തിന്റെ ഇരുമുടിക്കെട്ടുകളുമായി മല ചവിട്ടി സംഘം സംഘമായി പോകുന്ന അയ്യപ്പന്മാരിൽ ബുദ്ധമത ധർമ്മ ചരണങ്ങളുടെ അടയാളപ്പെടുത്തലുണ്ട്.ശരണത്രയിയായ ബുദ്ധം, ധർമ്മം, സംഘം എന്നിവ അനുഷ്ഠിക്കുന്നവരാണ് അയ്യപ്പന്മാർ. ധർമ്മശാസ്താവെന്ന പേരും ഈ ബന്ധമാണ് സൂചിപ്പിക്കുന്നത്. പൊന്നമ്പലമേട്ടിൽ ഗോത്രവർഗക്കാർ നടത്തിയിരുന്ന ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ചുള്ള പന്തം കത്തിക്കൽ (ദീപയഷ്ടി ) ശബരിമലയിൽ നിന്ന് കാണുന്നവർ മകരദീപമായി കരുതി ആരാധിച്ചെന്ന സങ്കൽപ്പവും ശൈവാരാധനയുടെ ഭാഗമാണ്. ശൈവ വൈഷ്ണവ, താന്ത്രിക മതങ്ങളുടെ ഏകരൂപമായി ശബരിമല അയ്യപ്പൻ ഉയർന്നുവന്നു. ചൂഷണത്തിന്റെ ഇരകൾ രാജഭരണ കാലത്ത് വനത്തിലും പുറത്തുമായി താമസിച്ചിരുന്ന അതിപ്രാചീനരായ ഗോത്ര ജനവിഭാഗങ്ങളുടെ മേൽ വലിയ ചൂഷണവും അടിച്ചമർത്തലുമില്ലായിരുന്നു. ബ്രിട്ടീഷ് കോളനി ഭരണമാണ് വനങ്ങൾക്കുള്ളിലും അധികാരത്തിന്റെ ഭീകരമുഖവുമായി കടന്നുചെന്ന് അവരെ ചൂഷണങ്ങൾക്ക് ഇരകളാക്കിയത്.പിന്നീട്, ജനാധിപത്യ ഭരണത്തിലും ചൂഷണങ്ങൾ തുടർന്നു. ഗോത്ര വർഗസംരക്ഷണവും ക്ഷേമവും പലതും, പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. കേരളത്തിലും ഇന്ത്യയിലാകെയും കാലാകാലങ്ങളിൽ അവർ നേരിട്ട ചൂഷണങ്ങളുടെ നേർചിത്രം ഡോ.ആർ. ഗോപിനാഥൻ ഇവിടെ വരച്ചിടുന്നു. ഗോത്രീയത, സംസ്കാരം,ഗോത്ര പഠനരീതികൾ എന്നിവയെ ചരിത്ര സാക്ഷ്യങ്ങളെയും വസ്തുതകളെയും മുൻ നിറുത്തി ഇത്ര വിശദവും സത്യസന്ധവുമായി നിർവചിക്കുന്ന മലയാള ഭാഷയിലെ ആദ്യ ഉദ്യമമാണിതെന്ന് നിസംശയം പറയാം. ഋഗ്വേദ ഗോത്രങ്ങളെയും, പിശാച്, ഗന്ധർവൻ, കിന്നരൻ, യക്ഷൻ, രാക്ഷസൻ എന്നിവർ ഏതേത് നരവംശവിഭാഗത്തിൽപ്പെടുന്നവരെന്നതിനെയും കുറിച്ചും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 907 പേജുകളുള്ള ഈ കൃതി പ്രതിപാദിക്കുന്നു.
ഇന്ത്യയിലെ ഗോത്രവർഗ ജീവിതം വഴിതടയപ്പെട്ട നദിയാണ്. ആധുനിക നാഗരികന്റെ വഴി നാളെ അടയപ്പെടാൻ പോവുകയാണെന്ന് അവർ സ്വജീവിത ദുരന്തം കൊണ്ട് ഒാർമ്മിപ്പിക്കുന്നു. ഒരു നിശ്ചിത ചരിത്രത്തിന് ഉൾക്കൊള്ളാനാവാത്ത വികസനം വഴിതെറ്റി ചെന്നെത്തുന്നത് അനിവാര്യമായ വിനാശത്തിലേയ്ക്കായിരിക്കും. സമീപ കാലത്ത് കേരളം കണ്ട രണ്ട് പ്രളയങ്ങളും, മഹാമാരിയായി ലോകത്താകെ സർവനാശം വിതയ്ക്കുന്ന കൊവിഡ്-19 എന്ന അതിസൂക്ഷ്മ ജീവിയുടെ സംഹാര താണ്ഡവവും പഠിപ്പിക്കുന്നത്. നാഗരിക സമൂഹത്തിന്റെ മൂക്കിനപ്പുറത്തും ലോകമുണ്ടെന്ന വലിയ പാഠവും.