സംസ്ഥാനാതിർത്തിയിലുള്ള ഒരു ഉൾനാടൻ പ്രദേശത്താണ് കൃഷ്ണൻ ജ്യോത്സ്യരുടെ ചെറിയ ജ്യോതിഷാലയം. കണ്ടാൽ ഒരു സാധാരണക്കാരൻ. പേരും പത്രാസുമൊന്നുമില്ല. ഫിസിക്സിൽ ബിരുദധാരി. നെറ്റിയിൽ ഒരു ഭസ്മക്കുറി. പഴയ ഒരു സൈക്കിളിലാണ് വരവും പോക്കും. ഗ്രഹനിലയും ജാതകവുമായി തങ്ങൾ ആഗ്രഹിക്കുന്നതൊക്കെ ജ്യോത്സ്യരെ കൊണ്ട് പറയിക്കാൻ ശ്രമിച്ചാൽ നിരാശയാകും ഫലം. തന്റെ കണ്ണും ഉൾക്കണ്ണും കൊണ്ട് കാണുന്നത് വന്നയാളിന് രസിച്ചാലും ഇല്ലെങ്കിലും പറയും. അത് രസിക്കാതെ ദക്ഷിണപോലും കൊടുക്കാതെ പോകുന്നവരും കുറവല്ല. ഇയാൾ എങ്ങനെ രക്ഷപ്പെടും. മുപ്പതുവർഷമായി ഈ ചെറിയ കടമുറിയിൽ ദരിദ്രവാസികളായ നവഗ്രഹങ്ങളെയും നോക്കിയിരിക്കുന്നു. സൈക്കിളാണെങ്കിൽ ഇനി തുരുമ്പിക്കാൻ സ്ഥലവുമില്ല. അല്പസ്വല്പം വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ ലക്ഷപ്രഭുവായേനെ. ഇയാൾക്ക് ശേഷം വന്ന എത്രയോപേർ ഇപ്പോൾ മുന്തിയ കാറിൽ പോകുന്നു. എ.സി മുറിയിലിരുന്ന് പ്രശ്നം വയ്ക്കുന്നു. കണക്ക് പറഞ്ഞ് പൈസ വാങ്ങുന്നു. ചിലർ പരസ്പരം അടക്കം പറഞ്ഞ് പിരിയാറുണ്ട്. എന്തു പറഞ്ഞാലും കേട്ടാലും പണം കൊടുത്താലും ഇല്ലെങ്കിലും കൃഷ്ണൻ ജ്യോത്സ്യൻ സദാ സന്തുഷ്ടനാണ്. അറിവിന്റെ നിറവുണ്ട്.
നദികൾക്കെല്ലാം വെള്ളം കൊടുക്കുന്നത് സമുദ്രം. എല്ലാ നദികളെയും ഏറ്റുവാങ്ങുന്നതും സമുദ്രം. ആ മട്ടോ ഭാവമോ ഉണ്ടോ കടലിന്. നഗരത്തിൽ നിന്ന് വന്ന ഒരു സമ്പന്നനോട് കൃഷ്ണൻ ജ്യോത്സ്യർ ചോദിച്ചു. സമ്പന്നന് അത് ഇഷ്ടമായി. വന്നയാളിന്റെ കീശയിൽ നല്ല കനമുണ്ടെന്ന് കണ്ടാൽ അയാളെ സുഖിപ്പിക്കാൻ മത്സരബുദ്ധിക്കാട്ടുന്നവരാണ് പല പ്രവചനക്കാരും. അവരുടെ പ്രവചനം കേട്ട് നവഗ്രഹങ്ങൾ പോലും ചിരിച്ചുപോകും.
തന്നെ ആരും മനസിലാക്കുന്നില്ല, മാനിക്കുന്നില്ല, സ്നേഹിക്കുന്നില്ല. എന്താണ് പരിഹാരമാർഗം? സമ്പന്നൻ തന്റെ ദുഃസ്ഥിതി കൃഷ്ണൻ ജ്യോത്സ്യരോട് അവതരിപ്പിച്ചു. അല്പസമയം തന്റെ ഗുരുനാഥന്മാരെ മനസിൽ ധ്യാനിച്ചിരുന്നു. പിന്നെ ഒന്നുരണ്ട് ശ്ലോകങ്ങൾ ചൊല്ലി. അവ വ്യാഖ്യാനിച്ചു. സമ്പന്നന്റെ മുഖം ആകാംക്ഷാഭരിതമായി. ഗ്രഹനിലയിൽ അല്പം ഒരു വക്രത. മുഖത്തെ അകാരണവും വിട്ടൊഴിയാത്തതുമായ ഭാവം അഹന്തയാണെന്ന് തെറ്റിദ്ധരിക്കപ്പെടും. മറ്റുള്ളവരെ പുച്ഛിക്കുന്ന ഭാവമെന്ന് തോന്നാം. സൂര്യൻ ഏതു താഴ്ചയിലേക്കും ഇറങ്ങിവരും. വിശാലമായ തടാകത്തിലും ചിരട്ടയിലെ വെള്ളത്തിലും കൈവെള്ളയിലെ ജലത്തിലും അത് പ്രതിഫലിക്കും. അതാണ് സമഭാവന. ഉള്ളിൽ നിറഞ്ഞ് ചിരിക്കുക. അതിന്റെ പ്രകാശം കണ്ണുകളിൽ പ്രസരിക്കും. ചുണ്ടിൽ പ്രകാശിക്കും. വാക്കുകളിൽ തിളങ്ങും. ഇപ്പോഴുള്ള മനഃപ്രയാസം താനേ വിട്ടുമാറും. അതിന് പൈസ മുടക്കി പൂജയോ അർച്ചനയോ ഒന്നും വേണ്ട. ശ്രീനാരായണഗുരു തന്നെ സന്ദർശിക്കാൻ വരുന്ന സാധുക്കൾക്കും സമ്പന്നർക്കും നൽകിയിരുന്നത് കൽക്കണ്ടത്തുണ്ടാണ്. സന്തോഷം വരട്ടെ എന്ന് മനസ് കൊണ്ട് പ്രാർത്ഥിക്കുക. എന്നും ഉറങ്ങാൻ കിടക്കുംമുമ്പ് ഒരു കൽക്കണ്ടത്തരി അലിയിച്ചിറക്കുക. അടുത്ത പ്രഭാതം മധുരിക്കും. സമ്പന്നൻ അതിശയത്തോടെ കേട്ടിരുന്നു. അയാളുടെ ഗൗരവഭാവത്തിൽ നിന്ന് പുഞ്ചിരിയുടെ ഒരു കൊച്ചരുവി ഉത്ഭവിക്കുന്നത് കൃഷ്ണൻ ജ്യോത്സ്യർ ശ്രദ്ധിച്ചു. ജ്യോത്സ്യരുടെ മുഖത്തെ സരസ്വതീകടാക്ഷം സമ്പന്നനും ശ്രദ്ധിച്ചു.
വലിയൊരുസംഖ്യ പ്രതിഫലമായി നൽകാൻ ശ്രമിച്ചെങ്കിലും ജ്യോത്സ്യർ വാങ്ങിയില്ല. രണ്ടാഴ്ച കഴിഞ്ഞ് സമ്പന്നൻ ജ്യോത്സ്യരുടെ ചെറിയ കടയുടെ മുന്നിൽ നിറഞ്ഞ ചിരിയോടെ കാത്തുനിന്നു. പഴയസൈക്കിളിന്റെ വരവും കാത്ത്. സൈക്കിളിൽ നിന്നിറങ്ങിയ ജ്യോത്സ്യർ ആദ്യം ശ്രദ്ധിച്ചത് നഗരത്തിൽ വന്ന അയാളുടെ മുഖഭാവമാണ്. നിറഞ്ഞ സംതൃപ്തിയുടെ പ്രകാശം ആ മുഖത്തുണ്ടായിരുന്നു. സ്വയമറിഞ്ഞതിന്റെ പ്രകാശം.
(ഫോൺ : 9946108220)