മറ്റു ദിക്കുകൾ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ദിശയാണ് പടിഞ്ഞാറു ദിശ. പടിഞ്ഞാറുദിശയിൽ കൃത്യമായ വാസ്തുനിയമങ്ങൾ അനുസരിച്ച് വീടുവച്ചാൽ അതിപ്രശസ്തരാവുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വരുമാന വർദ്ധനവും കടങ്ങൾ വേഗത്തിൽ വീട്ടാൻ കഴിയുകയും ചെയ്യുന്ന ദിക്കാണിത്. പക്ഷേ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വളരെ മോശപ്പെട്ട ഫലം തരുന്ന ദിക്കാണിത്.
പടിഞ്ഞാറിന് മൂന്ന് വശമുണ്ട്. തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്. തെക്ക് പടിഞ്ഞാറിന്റെ ഫലം കഴിഞ്ഞയാഴ്ച പറഞ്ഞു കഴിഞ്ഞു. ഇനിയുളളത് പടിഞ്ഞാറും വടക്കുപടിഞ്ഞാറുമാണ്. പടിഞ്ഞാറിൽ വീട് വയ്ക്കുമ്പോൾ അത് നേർപടിഞ്ഞാറു തന്നെയെന്ന് ഉറപ്പാക്കണം. അത് മറ്റുവശങ്ങളിലേയ്ക്ക് തിരിഞ്ഞിരുന്നാൽ ദോഷഫലമാണ് ഗവേഷണങ്ങളിൽ വെളിപ്പെടുന്നത്. കിഴക്കിനേക്കാൾ പടിഞ്ഞാറ് അധിക സ്ഥലമുണ്ടാവരുത്. പടിഞ്ഞാറുവശത്ത് കുഴിയോ, സെപ്റ്റിക് ടാങ്കോ പാടില്ല. പടിഞ്ഞാറ് ദർശനമായ വീടിന് നേർപടിഞ്ഞാറ് തന്നെ പ്രധാന വാതിൽ വയ്ക്കണം. അത് വടക്ക് പടിഞ്ഞാറോട്ടോ തെക്ക് പടിഞ്ഞാറോട്ടോ ചരിഞ്ഞതാവരുത്. വീടും കൃത്യം പടിഞ്ഞാറോട്ട് നിൽക്കണം.
വീടിന് കൃത്യമായി മതിൽ ഉണ്ടാവണം. തെക്കും പടിഞ്ഞാറും ഭാഗങ്ങളിലെ മതിൽ കിഴക്ക് വടക്ക് വശങ്ങളെ അപേക്ഷിച്ച് ഉയർന്നിരിക്കണം. പടിഞ്ഞാറ് ദർശനമായുള്ള മതിലിൽ ഭംഗിക്കായി ജനലുകളോ, തുറപ്പുകളോ ഉണ്ടാക്കുന്നത് വാസ്തുശാസ്ത്രപ്രകാരം ദോഷമാണ്. മതിലിനുള്ളിൽ ഇത്തരം കതകുതകളോ തുറന്ന അലങ്കാരപ്പണികളോ കിഴക്ക് വടക്ക് മതിലുകളിൽ മാത്രമേ ചെയ്യാവൂ.
പടിഞ്ഞാറ് ദർശനമുള്ള വീടിന്റെ അടുക്കള തെക്ക് കിഴക്ക് തന്നെ വരുന്നതാണ് ഉത്തമം. പടിഞ്ഞാറു വശത്ത് റോഡുണ്ടെങ്കിൽ അത് വീടിനെക്കാൾ ഉയർന്ന് നിൽക്കുന്നതാണ് നല്ലത്.സിറ്റൗട്ടോ കാർ പോർച്ചോ ഗേറ്റോ യാതൊരു കാരണവശാലും തെക്ക് പടിഞ്ഞാറ് ഭാഗത്ത് വരരുത്. അത് നേർ പടിഞ്ഞാറു തന്നെ വേണം. കാർപോർച്ച് വീടിനോട് ചേർന്ന് നിൽക്കാതിരിക്കുന്നതാണ് ഉത്തമം. വടക്ക് പടിഞ്ഞാറ് കാർപോർച്ച് നിർബന്ധമാണെങ്കിൽ മൊത്തം ഫൗണ്ടേഷൻ ഇവിടെയും നിർബന്ധമാണ്. വടക്ക് പടിഞ്ഞാറ് മുറിയുകയോ ഇവിടെ സിറ്റൗട്ട് ഉണ്ടാക്കുകയോ ചെയ്യുന്നതും വാസ്തു ദോഷമായി ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.വീടിന്റെ അനന്തരാവകാശികളെയും ആൺകുട്ടികളെയും ഇത് പ്രതിസന്ധിയിലാക്കും.
വടക്ക് പടിഞ്ഞാറ് വളരുകയോ, കോണായി മാറുകയോ വടക്കോട്ട് തള്ളിനിൽക്കുകയോ ചെയ്യരുത്. അത് വീട്ടിലെ അന്തേവാസികൾക്ക് മാനസികരോഗത്തിന് കാരണമായേക്കാം.സ്ത്രീകളോ, പെൺകുട്ടികളോ കോപിഷ്ടകളായി മാറാനും ഒന്നും ശരിയായി നടക്കാതിരിക്കാനും ഇടയുണ്ട്. വളർച്ചയിലെ അപചയം പലയിടത്തും പ്രതിസന്ധിയായി കണ്ടിട്ടുണ്ട്. വലിയ ചെലവുകളും രോഗങ്ങളും തുടർച്ചയായ അപകടങ്ങളൊക്കെയും ഈ കോണായുള്ള വളർച്ചയ്ക്ക് കാരണമായേക്കാം. വടക്ക് പടിഞ്ഞാറെ മതിലിനോട് ചേർത്ത് ഏറെ വീടുകളിൽ കുളിമുറിയും കക്കൂസുമൊക്കെ നിർമ്മിക്കുന്നത് കണ്ടിട്ടുണ്ട്. അതും ദോഷങ്ങളെയും ദുരിതങ്ങളെയും വീട്ടിൽ തുടർച്ചയായ വഴക്കിനെയും ക്ഷണിച്ചുവരുത്തും.
സംശയങ്ങളും മറുപടിയും
കിണർ വടക്കുപടിഞ്ഞാറ് ഭാഗത്ത് വരാമോ?
കെ. കുഞ്ഞിക്കണ്ണൻ,
മുട്ടപ്പാലം, ചിറയിൻകീഴ്.
വടക്കു പടിഞ്ഞാറ് ഭാഗത്ത് കിണർ കുഴിക്കാറില്ല. കിണറിന് സ്ഥാനം വടക്ക്, കിഴക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളിലാണ്. നാരീക്ഷയം മാരുതെ എന്നാണ് പറയാറ്. അതായത് വടക്ക് പടിഞ്ഞാറ് കിണർ സ്ത്രീകൾക്ക് വലിയ ദോഷമുണ്ടാക്കുന്നതാണ്. വലിയ ചെലവ്, തുടർച്ചയായ രോഗങ്ങൾ, അപകടങ്ങൾ എന്നിവ ദോഷഫലങ്ങളാണ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും പുരോഗതി തടയപ്പെടുമെന്നാണ് കണ്ടെത്തലുകൾ.