warships

ന്യൂഡൽഹി: ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകൾ സജ്ജം. ഐ.എൻ.എസ് ജലാശ്വ എന്ന വലിയ കപ്പലും, കുംഭിർ ക്ലാസിൽ പെട്ട രണ്ട് ടാങ്ക് ലാൻഡിംഗ് കപ്പലുകളുമാണ്‌ നിലവിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഉപയോഗിക്കുക. ഉടൻ തന്നെ ഈ കപ്പലുകൾ ഗൾഫിലേക്ക് പുറപ്പെടുമെന്ന് സർക്കാർ വ്യക്തമാക്കി.

1,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഐ.എൻ.എസ് ജലാശ്വയ്‌ക്കുള്ളത്. സാമൂഹ്യ അകലം പാലിച്ചാൽ 850 പേർക്ക് യാത്ര ചെയ്യാം. ജലാശ്വയ്‌ക്കൊപ്പം സജ്ജമാക്കിയിരിക്കുന്ന മറ്റ് രണ്ട്‌ കപ്പലുകള്‍ക്കും നൂറുകണക്കിന് പേരെ വഹിക്കാന്‍ കഴിയും. ഈ മൂന്നു കപ്പലുകൾക്ക് പുറമെ നാവികസേനയുടെ പക്കലുള്ള എട്ട് ടാങ്ക് ലാൻഡിംഗ് കപ്പലുകളില്‍ ആറെണ്ണം കൂടി സജ്ജമായിരിക്കും.

കപ്പലുകൾ എത്തേണ്ട തുറമുഖങ്ങൾ അനുസരിച്ച് നാല് മുതല്‍ അഞ്ച് ദിവസം വരെ എടുക്കും ഗള്‍ഫിലെത്താന്‍. കുടുംബത്തിലുണ്ടായ അത്യാഹിതങ്ങൾ, ജോലി നഷ്ടപ്പെട്ടവർ, വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിക്കൽ തുടങ്ങിയ കാരണങ്ങളുള്ള ഇന്ത്യക്കാരെയാകും ഒഴിപ്പിക്കുക. വിവിധ ഗൾഫ് രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരിൽ അത്യാവശ്യ യാത്ര ആവശ്യമുള്ളവരെയാണ് ആദ്യം തിരികെ എത്തിക്കുക.