കാസർകോട്: ലോക്ക് ഡൗണിന്റെ മറവിൽ കാസർകോട് വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പഴകിയ മത്സ്യം എത്തുന്നത് വ്യാപകമായി. കേരള കർണാടക അതിർത്തിയായ തലപ്പാടിയടക്കമുള്ള ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന നടത്തുന്നുണ്ടെങ്കിലും മീൻ ലോറികളിൽ കൃത്യമായി പരിശോധന നടത്തുന്നില്ല. ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി ഒരാഴ്ചക്കുള്ളിൽ കാസർകോട് ജില്ലയിൽ മൂന്നിടത്തുനിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ മഞ്ചേശ്വരം താലൂക്കിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. ബായാർ, മിയാപ്പദവ്, പൈവളിക, മീഞ്ച, വോർക്കാടി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 340 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചത്. അയല, മത്തി, കിളിമീൻ എന്നിവയാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച ചെർക്കളയിൽ ഭക്ഷ്യ സുരക്ഷ വകുപ്പും, ഫിഷറീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 300 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു.
മംഗളുരുവിൽ നിന്ന് സിറ്റിസൺ നഗറിലെ ഒരു സ്വകാര്യ വ്യക്തിക്ക് വിൽപ്പനക്കായി ടെമ്പോ വാനിൽ എത്തിച്ചതായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പിടികൂടിയ മത്സ്യങ്ങൾ ചൗക്കിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ സംസ്‌കരിക്കുകയായിരുന്നു. ഏപ്രിൽ 22 ന് ചെറുവത്തൂർ ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കടത്തുകയായിരുന്ന പത്തു ടൺ പഴകിയ മത്സ്യം പിടികൂടിയിരുന്നു.
ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ദിവസങ്ങൾക്കു മുമ്പ് കണ്ടെയ്‌നർ ലോറിയിൽ കയറ്റി അയച്ചതാണ് പഴകിയ മത്സ്യം. ലോക്ക്ഡൗൺ കാരണം അവിടുത്തെ മത്സ്യ ഡിപ്പോയിൽ കെട്ടിക്കിടന്ന മീനുകൾ അതീവരഹസ്യമായി കേരളത്തിലേക്ക് കടത്തുകയായിരുന്നു. പിന്നീട് മടിക്കൈയിലുള്ള സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു. പഴകിയ മത്സ്യം ദിവസേന എത്തുമ്പോഴും പിഴ ഈടാക്കി വിട്ടയക്കുകയാണ് അധികൃതർ ചെയ്യുന്നത്. പഴകിയ മത്സ്യം കടത്തുന്നത് അതിർത്തിയിൽ തന്നെ തടയണമെന്നാണ് നാട്ടുകാർ പറയുന്നത്. അതിർത്തി ചെക്ക് പോസ്റ്റിൽ മതിയായ പരിശോധന ഇല്ലെന്നതിന് തെളിവാണ് ചെറുവത്തൂർ ചെക്ക് പോസ്റ്റിൽ ദുർഗന്ധം വമിക്കുന്ന 10 ടൺ മത്സ്യം പിടികൂടിയ സംഭവം.