ന്യൂയോർക്ക്: കൊവിഡ് രോഗബാധയ്ക്ക് പിന്നിലുളള ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ്ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പുതിയ വെല്ലുവിളി. 'രോഗം ലോകമാകെ പടർന്നുപിടിച്ച സമയം തന്നെ ചൈനയ്ക്ക് ഫലപ്രദമായി അത് തടയാമായിരുന്നു. എന്നാൽ അതുണ്ടായില്ല.ചൈന മഹാരോഗത്തെ കൈകാര്യം ചെയ്ത രീതി വളരെ നിരാശയുണ്ട്. ഈ രോഗം ബീജിംഗ് കൈകാര്യം ചെയ്ത വിധം ഗൗരവത്തോടെ അന്വേഷിക്കും." ട്രംപ് പറഞ്ഞു.
അതേസമയം വൈറ്റ്ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും ചൈനക്കെതിരെ രൂക്ഷ വിമർശനവുമായെത്തി. മോശമായ നിലവാരമുള്ളതും ദോഷകരവുമായ ആന്റിബോഡി പരിശോധനാ കിറ്റുകളാണ് ചൈന അമേരിക്കയ്ക്ക് നൽകിയത്. രോഗവ്യാപനത്തിന്റെ ഈ മോശം ഘട്ടത്തിലും ചൈന ലാഭേച്ഛയോടെ പ്രവർത്തിച്ചത് തെറ്റാണെന്നും നവാരോ പറഞ്ഞു. മുൻപ് നിരവധി വിമർശനങ്ങളെ തുടർന്ന് ചൈനീസ് ഭരണകൂടം പരിശോധനാ കിറ്റുകൾക്ക് കഴിഞ്ഞമാസം ഗുണനിലവാര രജിസ്ട്രേഷൻ ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിതരണ കമ്പനികളുടെ നിരന്തരമായ പരാതിയെ തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
ട്രംപിന്റെ വിമർശനങ്ങൾക്കെതിരെ ചൈനീസ് ഭരണാനുകൂല ദിനപത്രമായ ഗ്ളോബൽടൈംസ് അവരുടെ എഡിറ്റോറിയലിൽ ശക്തമായാണ് പ്രതികരിച്ചത്. 'അമേരിക്കൻ തിരഞ്ഞെടുപ്പിലെ റിപബ്ളിക്കൻ പാർട്ടിയുടെ ഗുണത്തിനായി ചൈനയെ കുറ്റപെടുത്തുകയാണ് ഇവർ. ചൈനയുടെ കൊവിഡ് രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ അമേരിക്കയെക്കാൾ വളരെ മുൻപിലാണ്."
അതേസമയം വിവിധ ലോകരാജ്യങ്ങൾ കൊവിഡ് ബാധ നിയന്ത്രണങ്ങൾ അയവ് വരുത്തി തുടങ്ങി.ആസ്ട്രേലിയയിൽ മുതിർന്ന രണ്ടുപേർക്ക് മറ്റ് വീടുകൾ സന്ദർശിക്കാൻ പുറത്തിറങ്ങാൻ അനുമതി നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12 പേർക്കാണ് രോഗബാധയുണ്ടായത്.
ആകെ 84 മരണം. ഇവിടെ ബീച്ചുകളും മറ്റും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ന്യൂസിലാന്റിൽ ലോക്ഡൗൺ ഇളവുകൾ വരുത്തിയതോടെ റെസ്റ്റോറന്റുകളും കഫേകളും മറ്റ് ജോലികളും പുനരാരംഭിച്ചു. ചൈനയിൽ പുതുതായി ആറ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. അർജന്റീനയിൽ രോഗംബാധിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. ഇവിടെ ഇതുവരെ 197പേർ മരണപ്പെട്ടു.ഇന്തോനേഷ്യയിൽ 765 പേർ രോഗം ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക വിവരം. എന്നാൽ യഥാർത്ഥ എണ്ണം 2200 ആണെന്ന് റോയിറ്റേഴ്സ് റിപ്പോർട് ചെയ്തു.
ലോകമാകെ 30ലക്ഷം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 211,167 പേർ മരണപ്പെട്ടു. രോഗബാധയെ തുടർന്ന് അഞ്ചാംപനി,പോളിയോ പോലെയുള്ള രോഗബാധക്കെതിരായ വാക്സിനേഷൻ മുടങ്ങുന്നതിൽ ലോകാരോഗ്യസംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അധാനം ഗ്രിബ്രയേസസ് ആശങ്ക അറിയിച്ചു.