നാൽപ്പതുവർഷം കടന്നുപോയി. തെല്ലും മങ്ങലേൽക്കാതെ പ്രകാശസുന്ദരമായി ആ മുഖം; സ്നേഹസ്മരണകൾ. പ്രിയപ്പെട്ട ശോഭ എന്ന പെൺകുട്ടി. മാലതിയായിട്ടാണ് അവൾ അരികിൽ വന്നത്. എന്റെ ആദ്യനോവൽ 'അകലെ ആകാശം" സിനിമയാക്കുന്ന വർഷം, 1978. തോപ്പിൽഭാസി 'എന്റെ നീലാകാശം" എന്ന പേരിൽ അതിന് ചലച്ചിത്രഭാഷ്യം നൽകുന്നു. എഴുത്തുകാരനും ചലച്ചിത്രകാരനും തമ്മിൽ നല്ല ഹൃദയൈക്യം. ചരിത്രം സൃഷ്ടിച്ച നാടകശില്പങ്ങളിലൂടെ, പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രകാവ്യങ്ങളിലൂടെ ശ്രദ്ധേയനായ സംവിധാനപ്രതിഭ. ഇളമുറക്കാരനായ എന്നോട് വളരെ സ്നേഹപൂർവമാണ് അദ്ദേഹം ഇടപെട്ടത്. തിരുവനന്തപുരത്ത് അരിസ്റ്റോ, കൊല്ലം നീലാ ഹോട്ടലുകളിൽ ഒരുമിച്ചിരുന്ന് തിരനാടകത്തിന് ഞങ്ങൾ അവസാനരൂപം നൽകി. കൊല്ലം, ചെട്ടികുളങ്ങര പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.അഭിനേതാക്കൾ ഏറെയും കെ.പി.എ.സിയുടെ നാടകസംഘാംഗങ്ങൾ. വേറിട്ട മുഖങ്ങൾ നായകനായ ശേഖരൻ കുട്ടിയെ അവതരിപ്പിക്കാൻ എത്തിയ സുകുമാരനും പുതുമുഖമെന്നു വിളിക്കാവുന്ന ശോഭയും. സുകുമാരനോടൊപ്പം കേവലം പതിനാറുകാരിയായ മിടുക്കി കുട്ടി, ശോഭ അഭിനയ മികവ് തെളിയിക്കുന്നതുകണ്ട് അദ്ഭുതപ്പെട്ടു. നായികയായ മാലതിയുടെ റോളിൽ അവൾ നന്നായി തിളങ്ങി. ആ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ശോഭയ്ക്കാണ് ലഭിച്ചത്. അങ്ങനെ ശോഭ എന്റെ ചലച്ചിത്രജീവിതത്തിൽ ഇടം നേടി.
അതേവർഷം തന്നെയാണ് കെ.ജി. ജോർജിന്റെ സംവിധാനത്തിൽ എന്റെ രണ്ടാമത്തെ നോവൽ 'ഉൾക്കടൽ"ചലച്ചിത്രരൂപം പ്രാപിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ കാമ്പസ് നോവൽ! തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജ്, മഹാത്മാഗാന്ധി കോളജുകളിൽ വച്ച് ചിത്രീകരണം. അതിന്റെ നിയന്ത്രണം സ്വാഭാവികമായും എന്റെ കൈകളിലായി.'ഉൾക്കടൽ" സിനിമയാക്കാൻ അനുമതി നൽകുമ്പോൾ മുന്നോട്ടു വച്ചത് നാലുവ്യവസ്ഥകൾ. നോവലിന്റെ പേരു തന്നെ സിനിമയ്ക്കും നൽകണം. അങ്ങനെ എടുത്തു പറഞ്ഞത് കെ.ജി. ജോർജ്, താൻ സിനിമയാക്കുന്ന സാഹിത്യരചനകളുടെ പേര് മാറ്റുന്ന ശീലക്കാരനായതുകൊണ്ടാണ്. തിരനാടകം ഞാൻ തന്നെ രചിക്കും. സംവിധായകന് പാട്ടുകളുടെ കാര്യത്തിൽ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ ശ്രദ്ധിച്ചാൽ ആ സമീപനം വ്യക്തമാകും.
'ഉൾക്കടൽ" ഒരു പ്രണയകഥ എന്ന നിലയ്ക്ക് നല്ല ഗാനങ്ങൾ വേണം; അത് ഒ.എൻ.വി. തന്നെ എഴുതണമെന്ന് നിബന്ധനയും വച്ചു. 'എന്റെ നീലാകാശ" ത്തിലെ മനോഹരമായ അഞ്ചു ഗാനങ്ങളുടെയും രചന ഒ.എൻ.വി. ആയിരുന്നല്ലോ. ഒരു നിബന്ധന കൂടി: നായികയായ റീനയെ ശോഭ തന്നെ അവതരിപ്പിക്കണം. 'എന്റെ നീലാകാശ"ത്തിൽ മാലതിയെ അനശ്വരയാക്കിയ പ്രിയപ്പെട്ട ശോഭയുടെ മുഖം എന്റെ റീനയ്ക്കും!ശോഭ തിരുവനന്തപുരത്തു വന്നത് അമ്മ പ്രേമയോടൊപ്പം. 'നീലക്കുയിൽ" സിനിമയിൽ സത്യൻ മാഷിന്റെ ഭാര്യ നളിനിയായി വേഷമിട്ട നടിയാണു പ്രേമ. പ്രേമയുടെ മകൾ എന്ന നിലയിൽ ശോഭ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. എന്റെ ഹൃദയനായിക മാലതിയെ അവതരിപ്പിച്ച് ശ്രദ്ധേയയായ കൗമാരക്കാരി എന്ന നിലയിൽ എനിക്ക് അഭിമാനം പകർന്നവൾ. നല്ല ഒരു കഥാപാത്രത്തെ സമ്മാനിച്ച എഴുത്തുകാരനോട് ശോഭയ്ക്കുമുണ്ടായിരുന്നു സ്നേഹാദരങ്ങൾ.
തിരുവനന്തപുരത്ത് ജിൻസ് ഇന്റർനാഷണലിലാണ് 'ഉൾക്കടൽ" ടീം താമസിച്ചിരുന്നത്. കഥാനായിക റീനയുടെ വീടായി നിശ്ചയിച്ചിരുന്നത് സമീപസ്ഥമായ ചാർലി ജോൺ പുത്തൂരാന്റെ ഭവനം. ചാർലി, ജോൺ ഏബ്രഹാം സംവിധാനം ചെയ്ത 'അഗ്രഹാരത്തിലെ കഴുത" എന്ന തമിഴ് ചലച്ചിത്രത്തിന്റെ നിർമ്മാതാവ്. ആ ചിത്രത്തിലെ പ്രധാന അഭിനേതാവ് സംഗീതജ്ഞനായ എം.ബി. ശ്രീനിവാസൻ, എം.ബി.എസ്. ആണ് 'ഉൾക്കടലി"ന്റെ സംഗീതസംവിധായകനും.ചാർലി എന്റെ നാട്ടുകാരനും പ്രിയസുഹൃത്തും. മാർ ഇവാനിയോസ് കോളജിലെ പൂർവ വിദ്യാർത്ഥി. ഞാൻ എം.ബി.എസും ഒത്ത് ചാർലിയുടെ വീട്ടിൽപ്പോകുമ്പോൾ റീനയുടെ ഭവനം കാണാൻ ശോഭയും ഒപ്പം കൂടി. എന്റെ ജീവിതാനുഭവങ്ങളോടു ചേർന്നു നിൽക്കുന്ന 'ഉൾക്കടൽ" രംഗങ്ങളും നഷ്ടപ്രണയത്തിന്റെ പ്രതീകമായ കാമ്പസ് നായിക റീനയുടെ പ്രണയാനുഭവങ്ങളും ഉൾക്കൊള്ളാൻ എത്ര താത്പര്യമാണ് ശോഭ പുലർത്തിയത്! എന്റെ കഥാഖ്യാനം ആ കണ്ണുകളെ ഈറനണിയിച്ചു. ശരിക്കും റീനയായി രൂപാന്തരപ്പെടുകയായിരുന്നു ആ പ്രിയകലാകാരി.മാർ ഇവാനിയോസ് കോളജിന്റെ പശ്ചാത്തലത്തിലാണ് രാഹുലന്റെയും റീനയുടെയും പ്രണയാനുഭവങ്ങൾ ചിത്രീകരിച്ചത്. ഷൂട്ടിംഗിന്റെ ഇടവേളകളിൽ അവൾ അരികിൽ ഓടിയെത്തി. ''എങ്ങനെ? കൊള്ളാമോ?"" ഓരോ സീനിനെകുറിച്ചും ഒരു കൊച്ചുകുട്ടിയുടെ കുതൂഹലത്തോടെ അന്വേഷണം. ആ കണ്ണുകളിൽ തെളിഞ്ഞു നിന്ന നിഷ്കളങ്കതയും സ്നേഹവായ്പ്പും മനസിൽ നിന്നു മായുന്നില്ല.
കൊച്ചുകുട്ടിയുടെ പ്രകൃതമായിരുന്നു ശോഭയിൽ തെളിഞ്ഞു കണ്ടിരുന്നത്. കൈയിൽ സൂചി കുത്തിക്കയറിയതിന്റെ പേരിൽ, പുതിയ ചെരിപ്പിട്ട് കാൽ വേദനിക്കുന്നതിന്റെ പേരിൽ ഒക്കെ പരിഗണന ആവശ്യപ്പെടുന്ന, സഹതാപം പ്രതീക്ഷിക്കുന്ന പ്രകൃതം. പക്ഷേ സെറ്റിൽ വന്നാൽ യാതൊരു സൗജന്യവും വേണമെന്നില്ല. മടി കൂടാതെ എത്ര നേരം വേണമെങ്കിലും ജോലി ചെയ്യും. അസാധാരണമായിരുന്നു ആ അർപ്പണബോധം; അനുപമമായിരുന്നു കലാസിദ്ധി. അഭിനയകലയുടെ അപാരസാദ്ധ്യതകൾ കണ്ടെത്തി സ്വന്തം സിംഹാസനമുറപ്പിക്കാൻ ഇരുപതുവയസു പോലും വേണ്ടിവന്നില്ല, ശോഭയ്ക്ക്. ഹൃദ്യമായ പെരുമാറ്റം കൊണ്ട് പരിചയപ്പെടുന്നവരുടെ മനസുകളിൽ സ്നേഹപൂർണ്ണമായ ഇടം നേടി. എനിക്ക് വിശേഷവിധിയായി ഓർമ്മിക്കാൻ എന്തെല്ലാം! എന്റെ വീട്ടിലെ കുട്ടി എന്നേ എപ്പോഴും തോന്നിയുള്ളൂ. കലാജീവിതത്തിൽ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്ക് ശോഭയുടെ രൂപഭംഗി! എന്റെ മാലതിയായി, റീനയായി അവൾ ജനമനസുകളോട് ഇണങ്ങി.
'കൽത്താമര"യിലെ ശ്രീദേവിയും 'ഇല്ല"ത്തിലെ ആർദ്രയും 'കാമന"യിലെ പേരു വിളിക്കാത്ത പെൺകുട്ടിയും അവളെ കാത്തിരിക്കുകയായിരുന്നു.ഞാനെഴുതുന്ന പുതിയ കഥകളെക്കുറിച്ച് ശോഭ താത്പര്യപൂർവ്വം തിരക്കിയിരുന്നത് ഓർക്കുന്നു. ഭിന്നശേഷിക്കാരിയാണ് 'കാമന"യിലെ നായിക. ദീപിക ആഴ്ചപ്പതിപ്പിൽ പി. ഭാസ്കരൻ മാസ്റ്റർ അത് പ്രസിദ്ധപ്പെടുത്തിയിരുന്ന കാലം. എത്രയും വേഗം 'കാമന" ചലച്ചിത്രമാക്കണമെന്നും നായികാവേഷം തനിക്കു ചെയ്യണമെന്നും ശോഭ ആഗ്രഹിച്ചിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ അത് വൈകിപ്പോയി. 1991-ൽ ആണ് 'കാമന" 'യമനം" എന്ന പേരിൽ ഭരത്ഗോപി സിനിമയാക്കുന്നത്. ശോഭയ്ക്കുവേണ്ടി എഴുതിവച്ച വേഷം അർച്ചന അവതരിപ്പിച്ചു.
സാമൂഹിക പ്രസക്തിയുള്ള കഥയ്ക്ക് ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രമായിരുന്നു 'യമനം." 'അകലെ ആകാശം"നോവലിന്റെ ആമുഖമായി ഞാൻ എഴുതി: ''ഈ കുറിപ്പ് എഴുതുമ്പോഴും എന്റെ കണ്ണുകൾ നിറയുന്നു. ഒതുക്കാൻ കഴിയാത്ത ദുഃഖത്തിന്റെ ഓർമ്മകൾ ഉള്ളിൽ ആളിപ്പടരുന്നു. ഭാഗ്യഹീനയായ എന്റെ പെൺകുട്ടീ, നിന്നെക്കുറിച്ചോർത്തു ഞാൻ സങ്കടപ്പെടാത്ത രാത്രികളില്ല. പകലിന്റെ തിരക്കിൽ അലിഞ്ഞു ചേരുമ്പോഴും നിന്റെ ഈറനായ കണ്ണുകൾ മനസിൽ നിറഞ്ഞു നിൽക്കുന്നു.""ശോഭയെക്കുറിച്ചും ഞാൻ ഇങ്ങനെ എഴുതി വയ്ക്കുന്നു. എത്ര പെട്ടെന്നാണ് ഒരു കുസൃതിക്കാറ്റുപോലെ മറഞ്ഞുകളഞ്ഞത്!
1980 മേയ് ഒന്നിലെ പ്രഭാതം. സൂര്യൻ കാർമേഘങ്ങൾക്കുള്ളിൽ മുഖം മറച്ചു നിന്നു. ശോഭയുടെ വേർപാടിന്റെ ഹൃദയം പിളർക്കുന്ന വാർത്തയെത്തി. ആത്മഹത്യയായിരുന്നത്രേ! എന്തിന്? ദാമ്പത്യത്തിന്റെ കുരുക്കിൽ അവൾ പിടഞ്ഞുമരിക്കുകയായിരുന്നോ? ആരോടും ഞാനത് അന്വേഷിക്കുകയുണ്ടായില്ല. അത്തരം അന്വേഷണങ്ങൾക്ക് ശോഭയെ തിരിച്ചുതരാനാവില്ലല്ലോ. ബന്ധപ്പെട്ടവർ ഓരോരുത്തരായി കടന്നുപോയി. ബാലുമഹേന്ദ്രയും പ്രേമയും എല്ലാം. അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൂടെ ശോഭ ജീവിക്കുന്നു. മാലതിയായി, റീനയായി, ഇന്ദുമതിയായി, ശാലിനിയായി.... എന്നും ജീവിക്കും. വർഷങ്ങൾ കടന്നുപോകുന്നു; മനസിന്റെ നീറ്റൽ ശമിക്കുന്നില്ല; കണ്ണുകൾ ഇടയ്ക്കിടെ ഈറനാകുന്നു.
(തയ്യാറാക്കിയത്
ഫ്ളാഷ് മൂവീസ് ഡെസ്ക്)