പഞ്ചാബ്:- പ്രണയബന്ധത്തെ എതിർത്ത ബന്ധുക്കൾ കൗമാരക്കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വിവരം പുറത്തറിയാതിരിക്കാൻ ലോക്ക്ഡൗൺ സമയത്ത് രഹസ്യമായി മൃതദേഹം മറവ് ചെയ്തു. പഞ്ചാബിലെ ഹോഷിയാർപൂരിൽ സൗലി ഗ്രാമത്തിലെ ജസ്പ്രീത് കൗർ എന്ന 19 വയസ്സുകാരിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. സംഭവത്തിൽ പ്രതികളായ പെൺകുട്ടിയുടെ അമ്മ ബൽവീന്ദർ, അമ്മാവൻ സത്യദേവ് ബന്ധുക്കളായ ഗുർദീപ് സിങ്, ശിവരാജ്, ലാല എന്നിങ്ങനെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഗുർദീപ് സിങ് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥനാണ്.
അമൻപ്രീത് എന്നൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്ന പെൺകുട്ടി ഇയാൾക്കൊപ്പം പോയതിനെ തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. പിറ്റേന്ന് തിരികെ വീട്ടിൽ എത്തിയതായും അറിയിച്ചു. ഏപ്രിൽ 26ന് ഉറക്ക ഗുളിക നൽകിയ ശേഷം ജസ്പ്രീതിനെ ബന്ധുക്കളായ ശിവരാജും ലാലയും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് പ്രതികളെല്ലാം ചേർന്ന് രഹസ്യമായി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. കർഫ്യൂ നിലവിലുള്ളപ്പോൾ പോലും ഇത്തരമൊരു സംഭവമുണ്ടായതോടെ പഞ്ചാബ് പോലീസിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.