തിരുവനന്തപുരം. വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്നവർക്കായി നോർക്ക ആരംഭിച്ച സൈറ്റിൽ ഇന്നു രാവിലെ വരെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 2.70 ലക്ഷം കവിഞ്ഞതായി നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.അഞ്ചര ലക്ഷത്തോളം പേർ വരുമെന്നാണ് നോർക്കയുടെ നിഗമനം.വിദേശത്തു നിന്നും വിമാന സർവ്വീസുകളും ആഭ്യന്തര സർവ്വീസുകളും തീവണ്ടി ഗതാഗതവും പുനരാരംഭിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ മടങ്ങിവരവ് തീരുമാനിക്കുക.
സഹായം തേടി 70000 പേർ രജിസ്റ്റർ ചെയ്തു
ജോലി വിസയടക്കം കേരളത്തിൽ വന്ന ശേഷം മടങ്ങാൻ കഴിയാതെ പോയവർക്കുള്ള സാമ്പത്തിക സഹായം തേടി ഇതിനോടകം 70000 പേർ രജിസ്റ്റർ ചെയ്തതായി വരദരാജൻ പറഞ്ഞു.ഗൾഫിലും മറ്റും ജോലി ഉണ്ടായിട്ടും ഇപ്പോഴത്തെ സാഹചര്യത്തിൽ മടങ്ങിപ്പോകാൻ കഴിയാതെ വന്നവർക്കും,ജോലി നഷ്ടപ്പെട്ടവർക്കുമാണ് 5000 രൂപ വീതം സാമ്പത്തിക സഹായം സർക്കാർ നൽകുക.ഇതിന്റെ രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ തുടരും.വിശദാംശങ്ങൾ പരിശോധിച്ചശേഷം അർഹതപ്പെട്ടവർക്ക് സഹായം അനുവദിക്കുമെന്ന് വരദരാജൻ പറഞ്ഞു.
അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാനഉള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും.അന്യ സംസ്ഥാനങ്ങളിൽ ചികിത്സയ്ക്കായി പോയവർ ,ചികിത്സ കഴിഞ്ഞവർ,കേരളത്തിൽ വിദഗ്ധ ചികിത്സ കാത്തിരിക്കുന്ന അന്യ സംസ്ഥാനക്കാർ,ജോലി നഷ്ടപ്പെട്ടവർ,റിട്ടയർ ചെയ്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവർ എന്നിവർക്കായിരിക്കും മുൻഗണന.